
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നത് വി.എസ്സിനെ കുറിച്ചായിരുന്നു. തങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയുടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്നതും പ്രകടനം നടത്തുന്നതും കേരളത്തിലാദ്യമായി വി.എസ്സിന്റെ കാര്യത്തിൽ തന്നെയായിരിക്കും നടന്നിരിക്കുക എന്നു തോന്നുന്നു. അഞ്ചു വർഷങ്ങൾക്കു മുമ്പായിരുന്നു അത്. ജനവികാരം കണക്കിലെടുത്ത് പാർട്ടി അതിന്റെ തീരുമാനം മറ്റിയതും മാർക്സിസ്റ്റു പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. ഇ.എം.എസ്സിനെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാൻ തീരുമാനിച്ചപ്പോഴോ നായനാരെ തെരഞ്ഞെടുപ്പു രംഗത്തു നിന്നു മാറ്റി നിർത്തിയപ്പോഴോ ഉണ്ടാകാത്ത പ്രതിഷേധമാണ് വി.എസ്സിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സമൂഹത്തിലുണ്ടായിട്ടുള്ള ഘടനാപരമായ ചില മാറ്റങ്ങൾ ഇതിനു കാരണമായിട്ടുണ്ടോ എന്ന എന്റെ ചില സന്ദേഹങ്ങളാണ് ഇവിടെ പങ്കുവെക്കാൻ പോകുന്നത്.
പിൽക്കാലമുതലാളിത്തത്തിന്റെ പൊതുസ്വഭാവത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അമേരിക്കൻ മാർക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജെയിംസൺ സൂക്ഷ്മതല സാമൂഹ്യപ്രസ്ഥാനങ്ങൾക്കു കൈവരുന്ന പ്രാധാന്യം, പോപ്പ് സംസ്കാരം, അധികാരഘടനയോടുള്ള എതിർപ്പ്, ബൂർഷ്വാ ആശയങ്ങളോടുള്ള വിരോധം എന്നിവയെ കുറിച്ചു പറയുന്നുണ്ട്. പരിസ്ഥിതി, വനിത, ദളിതർ എന്നെല്ലാം കേൾക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പൊതുവെ മുഖം തിരിക്കാറാണു പതിവ്. എല്ലാ പ്രശ്നങ്ങളെയും വർഗ്ഗസമരം എന്ന ഒറ്റമൂലിയിലേക്കൊതുക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ ചെയ്തുവരാറുള്ളത്. വർഗ്ഗസമരങ്ങൾക്കുള്ള പ്രാധാന്യം നിലനിത്തികൊണ്ടുതന്നെ ഇത്തരം സൂക്ഷ്മതല സാമൂഹ്യപ്രസ്ഥാനങ്ങളെ കൂടി അംഗീകരിക്കുകയാണ് ജെയിംസൺ ചെയ്യുന്നത്.
കേരളത്തിൽ പാരിസ്ഥിതിക വിഷയങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കാര്യത്തിലും സജ്ജീവമായി ഇടപെട്ട ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ് വി.എസ്. ഇത് മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നിന്നും അദ്ദേഹത്തെ വിഭിന്നനാക്കുന്നുണ്ട്. സൂക്ഷ്മതലത്തിലുള്ള ഈ ഇടപെടൽ ഉത്തരാധുനിക കേരളീയ സമൂഹത്തിൽ ഒരു ജനകീയനേതാവ് എന്ന അംഗീകാരം ലഭിക്കുന്നതിന് വി.എസ്സിനെ സഹായിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. ഏ.കെ.ജിയുടെ ജനകീയ ഇടപെടലുകളിൽ നിന്ന് ഏറെ വ്യത്യാസമുണ്ട് വി.എസ്സിന്റെ ഇടപെടലുകൾക്ക്. കർഷരും തൊഴിലാളികളുമായിരുന്നു ഏ.കെ.ജിയുടെ പിൻബലം. കേരളത്തിലെ ഫ്യൂഡൽ സംവിധാനത്തിനെതിരെയായിരുന്നു ഏ.കെ.ജിയുടെ സമരം. വർഗ്ഗസമരത്തിന്റെ തുറന്ന സ്വഭാവം തന്നെയായിരുന്നു അതിനുണ്ടായിരുന്നത്. എന്നാൽ ഇന്ന് കേരളസമൂഹം വളരെയേറെ മാറിയിട്ടുണ്ട്. അത് ജെയിംസ് ബെൽ നിർവചിച്ച വ്യാവസായികാനന്തര മുതലാളിത്തത്തിന്റെ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നതാണ്. ഇതിൽ ശത്രു നേർക്കുനേർ പ്രത്യക്ഷപ്പെടുന്നില്ല. ചിലയിടങ്ങളിൽ അതിന്റെ ദുഷ്ശ്ചൈതികളുടെ ഫലങ്ങൾ പ്രകടമാകുകയാണു ചെയ്യുന്നത്. അത് പരിസ്ഥിതി, സ്ത്രീ, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗം, വികസനത്തിന്റെ ഇരകൾ എന്നിവിടങ്ങളിൽ കാണാം. ഈ ഇടങ്ങളീലാണ് വി.എസ്സിന്റെ സാന്നിദ്ധ്യം നമ്മൾ കണ്ടത്. ഇവിടങ്ങളിലെല്ലാം തന്നെ യുവജനങ്ങളടക്കമുള്ള വിദ്യാസമ്പന്നർ പോലും തങ്ങളുടെ പ്രത്യയശാസ്ത്രപരമായ അകൽച്ച മാറ്റിവെച്ചു കൊണ്ട് വി.എസ്സിനോടൊപ്പം നിൽക്കുന്ന കാഴ്ചയാണു കണ്ടത്.
പാരിസ്ഥിക പ്രശ്നങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ തുടങ്ങിയ ഉത്തരാധുനിക സമൂഹത്തിന്റെ ഗുണപരമായ വശങ്ങൾ കാണുന്നതിനോടൊപ്പം തന്നെ അതിന്റെ പ്രതിലോമകരമായ വശങ്ങളെ കുറിച്ചും ജയിംസൺ പറയുന്നുണ്ട്. പിൽക്കാലമുതലാളിത്തത്തിന്റെ സാംസ്കാരിക മേലാവരണമാണ് ഉത്തരാധുനികത. വർഗ്ഗസമരങ്ങളുടെ കാലം കഴിഞ്ഞു എന്നും അവിടെയാണ് സൂക്ഷ്മതല സാമൂഹ്യപ്രസ്ഥാനങ്ങൾ ഇടം പിടിച്ചിരിക്കുന്നത് എന്നുമാണ് ഉത്തരാധുനികതയുടെ വക്താക്കൾ പറയുന്നത്. അതു കൊണ്ടുതന്നെ വി.എസ്സിനെ വർഗ്ഗസംഘടനയായ പാർട്ടിയുടെ എതിർപക്ഷത്തു നിർത്തി അതിനെതിരെ പോരാടുന്ന ഒരാൾരൂപമാക്കി മാറ്റി. പാർട്ടിനേതൃത്വം ബൂർഷ്വാ സ്വഭാവങ്ങൾക്കു കീഴ്പ്പെട്ടു പോയതായും എതിർക്കപ്പെടേണ്ട അധികാരശക്തിയായും വിലയിരുത്തപ്പെട്ടു. കേന്ദ്രീകൃത ജനാധിപത്യം എന്ന തുറസ്സുകളധികമില്ലാത്ത അധികാരഘടനയും വിനോദവ്യവസായങ്ങൾക്കു പ്രാമുഖ്യം കൊടുക്കുന്ന തരത്തിലുള്ള അതിന്റെ ചില പ്രവർത്തനങ്ങളും ഇങ്ങനെയൊരു പരിവേഷം ചാർത്തിക്കൊടുക്കുന്നത് എളുപ്പമാക്കി. അങ്ങനെ അധികാരഘടനയോടും ബൂർഷ്വാ സ്വഭാവങ്ങളോടുമുള്ള എതിർപ്പ് എന്ന ഉത്തരാധുനിക സമൂഹത്തിന്റെ ഗുണപരമായ ഒരു ഘടകം ഉപയോഗിച്ചുകൊണ്ടുതന്നെ വർഗ്ഗസമരത്തിനു നേതൃത്വം കൊടുക്കേണ്ട ഒരു പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയിൽ ഇടിവു വരുത്തുവാൻ മൂലധനശക്തികൾക്കു കഴിഞ്ഞു.
ഇങ്ങനെ ഉയർത്തികൊണ്ടു വന്ന ഒരു വി.എസ്സിനു വേണ്ടിയാണ് കേരളത്തിലെ ജനങ്ങൾ തെരുവിലിറങ്ങിയത്. അതായത് പാർട്ടിയിൽ നിന്നു വേർപെടുത്തി ഒരു ഒറ്റയാനായി ജനഹൃദയങ്ങളിലേക്കിറങ്ങി വന്ന വി.എസ് കേരളം ഒരു ഉത്തരാധുനിക സമൂഹമായി പരിവർത്തനം ചെയ്യപ്പെട്ടതിന്റെ തെളിവായി ഞാൻ കരുതുന്നു.
ഈ സംഭവത്തിന്റെ മറ്റൊരു പ്രത്യേകത രാഷ്ട്രീയപ്രസ്ഥാനങ്ങൾ അടക്കമുള്ള അധികാരരൂപങ്ങൾ നേതൃതലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ജനങ്ങളിലേക്കും കീഴ്ഘടകങ്ങളിലേക്കും അടിച്ചേൽപ്പിക്കുന്ന രീതിയെ അട്ടിമറിച്ചുകൊണ്ട് താഴെ തലങ്ങളിൽ നെന്നെടുക്കുന്ന തീരുമാനങ്ങൾ മേൽഘടകങ്ങളെ കൊണ്ട് അംഗീകരിപ്പിക്കുക എന്ന യഥാർത്ഥ ജനാധിപത്യ പ്രകൃയക്ക് തുടക്കം കുറിച്ചു എന്നതാണ്. ആരെ തെരഞ്ഞെടുക്കണം എന്നതിനു പകരം ആരു മത്സരിക്കണം എന്നു തീരുമാനിക്കുന്നതും ഇവിടെ ജനങ്ങൾ തന്നെയാവുകയാണ്. ഏതെങ്കിലും തരത്തിലുള്ള ഭരണഘടനാ ഭേദഗതിയിലൂടെയോ മറ്റോ നേടിയെടുത്തതല്ല എന്നത് ഇതിനെ സമാനതകളില്ലാത്തതാക്കുന്നു. ഇതു കൂടുതൽ ശക്തിപ്പെടുയും വിപുലപ്പെടുകയും ചെയ്യും എന്നു തന്നെ കരുതാം. തീരുമാനമെടുക്കുന്നതും നടപ്പിലാക്കേണ്ടതും താഴെത്തട്ടിലായിരിക്കണം എന്ന ആശയം ആദ്യമായി പ്രാവർത്തികമാക്കുന്നത് നായനാർ സർക്കറിന്റെ കാലത്തു രൂപം കൊണ്ട് ജനകീയാസൂത്രണപ്രസ്ഥാനമായിരുന്നു. ഇത് കൂടുതൽ വ്യാപകമായ പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്ന് ഡോ. രാജൻഗുരുക്കൾ അന്നു തന്നെ അഭിപ്രായപ്പെട്ടിരുന്നു.
നല്ല ലേഖനം .
മറുപടിഇല്ലാതാക്കൂവ്യക്തമായ നിരീക്ഷണം.
മറുപടിഇല്ലാതാക്കൂജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാത്ത പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകന്നു പോയപ്പോള്‍, സത്യത്തിനും നീതിക്കും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ വി.എസ്സേ ഉണ്ടായിരുന്നുള്ളു. വി.എസ്സിനെ മറികടക്കാന്‍ വി.എസ്സിനേക്കാള്‍ സത്യത്തിനുവേണ്ടി പോരാടാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരാന്‍ സി.പി.എം. നേതൃത്വത്തിനു കഴിയണം. മാഫിയകളുടെ പിച്ചവാങ്ങി അവര്‍ക്ക് ദാസ്യം ചെയ്യുന്നതാണ് തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം എന്നു വിശ്വസിക്കുകയും ഉളുപ്പില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടി ഇന്ന് കേരളത്തില്‍ നില നില്ക്കുന്നതുതന്നെ വി.എസ്.എന്ന കച്ചിത്തുരുമ്പില്‍ പിടിച്ചാണ്.
പാര്‍ട്ടി മാടമ്പി തമ്പ്രാക്കന്മാരുടെ കമ്മീഷന് ബിസിനസ്സല്ല തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയമെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.ജനങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ പാര്‍ട്ടിക്ക് അത് അറിയില്ലെങ്കിലും.
നിരീക്ഷണത്തിന്റെ അവസാന ഖണ്ഢിക ജോറായി; ഭാഗ്യവശാല്‍ വി.എസ്. ഇത്തരം തിരുത്തലുകള്‍ക്ക് ഒരു നിമിത്തമാകുന്നു എന്നതല്ലാതെ അദ്ദേഹത്തെ ബിംബവല്കരിക്കുന്നതും അനിഷേധ്യനാക്കുന്നതും താങ്കളുടെ നിരീക്ഷണങ്ങളോട് തന്നെ താന്കള് കാണിക്കുന്ന അനീതിയാണ്. വി.എസ്. ഏറ്റെടുത്ത വിഷയങ്ങളില്‍ ഒരോന്നായി വിശകലനം ചെയ്യുമ്പോള്‍ ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കുമപ്പുറം ജീവിത സായാഹ്നത്തിലെ ഒരു നല്ല എന്റെര്റ്റൈന്മെന്റായി ആദ്ദേഹം ആസ്വദിക്കുന്നതായിരിക്കുമോ എന്ന് തോന്നിപ്പോകാറുണ്ട്.
മറുപടിഇല്ലാതാക്കൂഅവനവന്റെ പണി സത്യസന്തമായി ചെയ്യുന്നു എന്നതാണ് സത്യം.. അങ്ങനെ ഉള്ളവരെ മലയാളി എന്നും അന്ഗീകരിക്കും
മറുപടിഇല്ലാതാക്കൂഉദാഹരണം മോഹന്‍ലാല്‍- സിനിമ, പി ടി ഉഷ -സ്പോര്‍ട്സ്, യേശുദാസ്- സംഗീതം
ഇവര്‍ ഒന്നും അതാതു മേഘലയിലെ രാജച്കെന്മാരോ ഗുരുമാരോ അല്ല. പക്ഷെ നമ്മള് അവരെ ബഹുമാനിക്കുന്നു.
വി എസ് ഉം അത് പോലെ തന്നെ ആണ്
താങ്കളുടെ നിരീക്ഷണം വളരെ കൃത്യമാണ്. വളരെ നന്ദി
വി.എസ്സിനെ ബിംബവൽക്കരിക്കാനോ അനിഷേധ്യനാക്കാനോ ഞാൻ ശ്രമിക്കുന്നില്ല. ഇത് കേരളത്തിലെ ജനങ്ങൾ ചെയ്യുന്നതാണ്. ഇതെല്ലാം ഉത്തരാധുനിക സമൂഹത്തിലെ ഒരു പ്രവണതയുമാണ്. ഒരു വ്യക്തിയെ ബിംബവൽക്കരിക്കുമ്പോൾ സംഭവിക്കുന്നത് പ്രസ്ഥാനങ്ങളുടെ പ്രാധാന്യത്തെ കുറച്ചുകാണിക്കുന്നതിന് അത് ഇടയാക്കുന്നു എന്നതാണ്. ഇത് മൂലധനശക്തികളെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്. അതു കൊണ്ടാണ് കേരളത്തിലെ കുത്തക പത്രങ്ങൾ ഇത് ആഘോഷിക്കുന്നത്. പാർട്ടി വ്യക്തമായ ഒരു നിലപാടെടുക്കാത്ത സന്ദർഭങ്ങളിൽ പോലും സൂക്ഷ്മതല പ്രവർത്തനങ്ങളിൽ ഇടപെടാറുണ്ട് എന്നുള്ളതും എന്നാൽ അരാഷ്ട്രീയതക്കു ശക്തി കൂട്ടുന്ന വിധത്തിൽ പാർട്ടിയിൽ നിന്ന് വേറിട്ടു പോകാൻ അദ്ദേഹം ഒരിക്കലും മുതിർന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. ഉത്തരാധുനിക കാലത്തെ ഗുണപരമായ സവിശേഷതകൾ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം തന്നെ വർഗ്ഗസമരത്തിന്റെ അനിവാര്യതയെ കുറിച്ചും അതിനാവശ്യമായ ഒരു സംഘടനയുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ബോധവാനാണ് എന്നു തന്നെ കരുതണം. പക്ഷെ അമിതമായി വളരുന്ന വ്യക്തിവാദം സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കുന്നതിലേക്കാവും എത്തുക. അതു കൊണ്ട് ഇത്തരത്തിലുള്ള പ്രവണതകളെ വളമിട്ട് വളർത്തുന്നതിന് മൂലധനശക്തികളൂം അവയുടെ പത്രങ്ങളും അത്യുത്സാഹം കാട്ടുക തന്നെ ചെയ്യും. വി.എസ്സിനെ ബിംബവൽക്കരിക്കുന്നതിൽ നമ്മുടെ പത്രങ്ങൾ നൽകിയ സംഭാവന ചെറുതല്ല. ഇതു പറയുമ്പോൾ വി.എസ്സിന്റെ പ്രവർത്തനങ്ങളെ ചെറുതായി കാണാനും കഴിയില്ല. പാർട്ടി ജലകേളീവ്യവസായങ്ങൾക്കും മറ്റു മൂലധന കേന്ദ്രീകൃത വ്യവസായങ്ങൾക്കും നൽകുന്ന പ്രാധാന്യം സൂക്ഷ്മതല രാഷ്ട്രീയപ്രവർത്തനങ്ങൾക്കു കൊടുക്കുകയും അവയെ വർഗ്ഗസമരവുമായി കണ്ണിചേർക്കാൻ ശ്രമിക്കുകയും ചെയ്തില്ലെങ്കിൽ അത് കേരളത്തോടും അതിന്റെ ചരിത്രത്തോടും ചെയ്യുന്ന ഏറ്റവും വലിയ ഒരപരാധമായിരിക്കും
മറുപടിഇല്ലാതാക്കൂ