ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാഭ്യാസം ഇപ്പോഴും നമുക്ക് പ്രധാന വിഷയമല്ല.


കഴിഞ്ഞ രണ്ടാഴ്ചകളായി നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ചും നിലവാരത്തകർച്ചയെ കുറിച്ചും ഗംഭീരമായ ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ അവസാനിക്കാറായി. ഇനി അടുത്ത വർഷമായിരിക്കും ഇതുപോലെ കാണുക. വിമർശിക്കുന്നവരെല്ലാം തന്നെ വിദ്യാഭ്യാസരംഗം നന്നായി കാണാൻ ആഗ്രഹിക്കുന്നവരായിരിക്കും. അവർ ആഗ്രഹിക്കുന്ന രീതിയിൽ ഇതിനു മാറ്റം വരുന്നില്ല എന്നാണ് അവരുടെ പരാതി. എന്നാൽ ഇപ്പോൾ ഗുണകരമായ മാറ്റങ്ങളാണ് നടക്കുന്നത് എന്നവകാശപ്പെടുന്നവർക്കുമുണ്ട് പരാതി. ഇത്രയും പോരാ ഇനിയും കുറെ കൂടി മെച്ചപ്പെടാനുണ്ട് എന്നാണ് അവരുടെ ആവശ്യം. മാത്രമല്ല വിദ്യാഭാസരംഗത്തു നടക്കുന്ന ഗുണകരമല്ലാത്ത ചില മാറ്റങ്ങളെ കുറിച്ച് അവർ വ്യാകുലപ്പെടുന്നുമുണ്ട്.

ഇതെല്ലാം നല്ലതു തന്നെ. ഇതിനപ്പുറം വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ച് കുറെ കൂടി ഉറക്കെ ചിന്തിക്കണമെന്നു തോന്നുന്നു. ഇവിടെ വിദ്യാഭ്യാസം എന്നതു കൊണ്ടുദ്ദേശിച്ചത് പഠനനിലവാരമോ അദ്ധ്യാപകരുടെ നിലവാരമോ വിദ്യാലയത്തിലെ ഭൗതികസാഹചര്യങ്ങളോ അല്ല. വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ചാണ്. ഗണിതം, ശാസ്ത്രം എന്നൊക്കെ പറയുന്നതു പോലെ ഒരു വിഷയം. ഇത് സർവ്വകലാശാലാ തലത്തിൽ പഠിച്ചവരായിരിക്കണം ഭാവിയിലെ അദ്ധ്യാപകർ എന്നാണ് സങ്കൽപം.

വിദ്യാഭ്യാസം എന്ന പ്രകൃയയിൽ വിവിധങ്ങളായ രീതിശാസ്ത്രങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അതുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാം. എന്നാൽ അത് ആഴത്തിൽ പഠിച്ച എത്ര അദ്ധ്യാപകർ നമുക്കുണ്ട്? അല്ലെങ്കിൽ അങ്ങനെ പഠിക്കാനാവശ്യമായ സൗകര്യം എത്രത്തോളമുണ്ട്? ഓരോന്നിന്റെയും ഗുണങ്ങളും ദോഷങ്ങളും വ്യക്തമായി അറിയാവുന്നവർക്കല്ലേ അതിനെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയൂ? ചേഷ്ടാസിദ്ധാന്തവും സാമൂഹ്യനിർമ്മിതി സിദ്ധാന്തവുമെല്ലാം വെറുതെ പറഞ്ഞുപോകാനുള്ളതല്ല; ആഴത്തിൽ പഠിക്കേണ്ടവയാണ്. കൊമീനിയസ് മുതൽ പൗലോ ഫ്രെയർ വരെയുള്ളവരെല്ലാം തന്നെ അദ്ധ്യാപകർക്ക് കൂട്ടായിരിക്കേണ്ടതുണ്ട്. പെഡഗോജിക്കൽ സൈക്കോളജി, പെഡഗോജിക്കൽ ബയോളജി എന്നിവയെല്ലാം തന്നെ വളരെ ആഴത്തിൽ പഠിക്കേണ്ടതാണ്. ഇതിനൊന്നുമുള്ള സൗകര്യം തീർച്ചയായും ഇപ്പോഴത്തെ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഇല്ല. മാത്രമല്ല അവിടെ ജീവിക്കാനൊരു തൊഴിൽ എന്ന ആവശ്യവുമായി വരുന്നവരാണ് കൂടുതലും ഉള്ളതെന്നു വേണം കതാൻ. കാരണം ഒരു തൊഴിൽ പരിശീലനകളരി എന്ന രീതിയിൽ തന്നെയാണ് ഇവ പ്രവർത്തിക്കുന്നത്.

സമൂഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വിദ്യാഭാസത്തെ കുറിച്ച് എത്ര ഗവേഷണ പ്രബന്ധങ്ങൾ വന്നിട്ടുണ്ട് എന്നു പരിശോധിച്ചാൽ മതി നമ്മൾ ഈ വിഷയത്തിനു കൊടുക്കുന്ന പ്രാധാന്യത്തെ കുറിച്ചു മനസ്സിലാക്കാൻ.

സർവ്വകലാശാകളിൽ ബിരുദ-ബിരുദാനന്തതലങ്ങളിൽ കൂടുതൽ പഠന സൗകര്യം ഏർപ്പെടുത്തുകയും ഇവ അദ്ധ്യാപക പരിശീലനത്തിനുള്ള യോഗ്യതകളിൽ ഉൾപ്പെടുത്തുകയും ചെയ്യുകയാണ് ആദ്യം വേണ്ടത്. അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിൽ സ്ക്കൂൾ മാനേജ്മെന്റ്, ക്ലാസ്‌റൂം മാനേജ്മെന്റ്, അദ്ധ്യാപക-വിദ്യാർത്ഥി ഇടപെടലുകൾ... തുടങ്ങിയവയായിരിക്കണം വിഷയം.

വിദ്യാസം എന്ന വിഷയം ആഴത്തിൽ പഠിച്ചവരായിരിക്കണം ഭാവിയിൽ നമ്മുടെ വിദ്യാലയങ്ങളിൽ അദ്ധ്യാപകരായി വരേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളും പരിഷ്കാരങ്ങളും അപ്പപ്പോൾ തന്നെ സ്വാശീകരിക്കുകയും അവയിലെ നന്മതിന്മകൾ വിവേചിച്ചറിയുകയും നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് അവ മാറ്റം വരുത്തി പ്രയോഗിക്കാൻ അറിയുകയും ചെയ്യുന്നവരായിരിക്കും അവർ. അദ്ധ്യാപകസമൂഹത്തിലും പൊതുസമൂഹത്തിലും പുതിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇവർക്കു കഴിയും.

സർവ്വകലാശാലാ പഠനം പൂർത്തിയാക്കിയതിനാൽ ഈ വിഷയത്തിൽ ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഇവർക്കു നൽകാവുന്നതാണ്. വെക്കേഷനുകളിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു പേപ്പർ ഓരോ അദ്ധ്യാപകരും തയ്യാറാക്കണമെന്ന് നിർദ്ദേശിക്കാവുന്നതാണ്. ഇത് അവരുടെ ശേഷീവികസനത്തെ സഹായിക്കും. അതോടൊപ്പം തന്നെ കേരളസമൂഹത്തിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മൊത്തം അറിവും വർദ്ധിക്കും. അതുപോലെ ഇക്കാലയളവ് പഠനപരിശീലനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ഓരോ വർഷം കഴിയുന്തോറും കേരളത്തിന്റെ വിദ്യാഭ്യാസശാസ്ത്ര രംഗത്തുള്ള വിജ്ഞാനം കൂടിക്കൂടി വരിക എന്നതായിരിക്കണം സ്വപ്നം. ഇതു തീർച്ചയായും വിദ്യാർത്ഥികളുടെ പഠനനിലവാരത്തിലും ഗുണകരമായ മാറ്റങ്ങൾ കാണിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം

" നാളത്തെ കേരളത്തിലെ " നാളത്തെ കേരളവും ആഗസ്റ്റ് പതിഞ്ചും എന്ന പോസ്റ്റ് വായിച്ചപ്പോൾ എനിക്കും ഒന്നു പോസ്റ്റണം എന്നു തോന്നി. അവിവേകം പൊറുക്കുക!!! 2003 ജൂൺ ലക്കം ആശയസമന്വയത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ബ്ലോഗിൽ ഒരിക്കൽ കൂടി.... ****** *****      ജനാധിപത്യത്തെ തികച്ചും രാഷ്ട്രീയമായാണ് ഇത്രയും കാലം കൈകാര്യം ചെയ്തത്. ഒരു സംസ്കാരമായി ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല. ഫ്യൂഡൽ അവശിഷ്ട സംസ്കാരവും ജനാധിപത്യ ഭരണക്രമവും എന്നതാണ് നാം തുടർന്നു വരുന്ന രീതി. ഇങ്ങനെ പരസ്പരം യോജിക്കാത്തവയുടെ യോജിപ്പിന്റെ സ്വാഭാവിക അന്ത്യമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രകൃയക്ക് ആക്കം കൂട്ടുന്നതിനായുള്ള ജനാധിപത്യ വിരുദ്ധശക്തികളുടെ- മുതലാളിത്തവും വർഗ്ഗീയശക്തികളും- ബോധപൂർവ്വമായ ഇടപെടൽ അടുത്ത കാലത്തായി ഇന്ത്യയിൽ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.      രാഷ്ട്രീയ സമരങ്ങളുടെ അരാഷ്ട്രീയവൽക്കരണവും വിശ്വാസ്യത നഷ്ടപ്പെടുത്തലും എല്ലാ പാർട്ടികളും സംഘടനകളും പ്രചരിപ്പിക്കൽ, ഏതു വ്യക്തിയും സ്വന്തം സാമ്പത്തിക ലാഭത്തെ ആസ്പദമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നുള്ള ...