ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിയെസ്സും മാറുന്ന കേരളവും




     കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നത് വി.സ്സിനെ കുറിച്ചായിരുന്നു. തങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയുടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്നതും പ്രകടനം നടത്തുന്നതും കേരളത്തിലാദ്യമായി വി.സ്സിന്റെ കാര്യത്തിൽ തന്നെയായിരിക്കും നടന്നിരിക്കുക എന്നു തോന്നുന്നു. അഞ്ചു വർഷങ്ങൾക്കു മുമ്പായിരുന്നു അത്. ജനവികാരം കണക്കിലെടുത്ത് പാർട്ടി അതിന്റെ തീരുമാനം മറ്റിയതും മാർക്സിസ്റ്റു പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. ഇ.എം.എസ്സിനെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാൻ തീരുമാനിച്ചപ്പോഴോ നായനാരെ തെഞ്ഞെടുപ്പു രംഗത്തു നിന്നു മാറ്റി നിർത്തിയപ്പോഴോ ഉണ്ടാകാത്ത പ്രതിഷേധമാണ് വി.എസ്സിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സമൂഹത്തിലുണ്ടായിട്ടുള്ള ഘടനാപരമായ ചില മാറ്റങ്ങൾ ഇതിനു കാരണമായിട്ടുണ്ടോ എന്ന എന്റെ ചില സന്ദേഹങ്ങളാണ് ഇവിടെ പങ്കുവെക്കാൻ പോകുന്നത്.

     പിൽക്കാലമുതലാളിത്തത്തിന്റെ പൊതുസ്വഭാവത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അമേരിക്കൻ മാർക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജെയിംസൺ സൂക്ഷ്മതല സാമൂഹ്യപ്രസ്ഥാനങ്ങൾക്കു കൈവരുന്ന പ്രാധാന്യം, പോപ്പ് സംസ്കാരം, അധികാരഘടനയോടുള്ള എതിർപ്പ്, ബൂർഷ്വാ ആശയങ്ങളോടുള്ള വിരോധം എന്നിവയെ കുറിച്ചു പറയുന്നുണ്ട്. രിസ്ഥിതി, വനിത, ദളിതർ എന്നെല്ലാം കേൾക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പൊതുവെ മുഖം തിരിക്കാറാണു പതിവ്. എല്ലാ പ്രശ്നങ്ങളെയും വർഗ്ഗസമരം എന്ന ഒറ്റമൂലിയിലേക്കൊതുക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ ചെയ്തുവരാറുള്ളത്. വർഗ്ഗസമരങ്ങൾക്കുള്ള പ്രാധാന്യം നിലനിത്തികൊണ്ടുതന്നെ ഇത്തരം സൂക്ഷ്മതല സാമൂഹ്യപ്രസ്ഥാനങ്ങളെ കൂടി അംഗീകരിക്കുകയാണ് ജെയിംസൺ ചെയ്യുന്നത്.

     കേരളത്തിൽ  പാരിസ്ഥിതിക വിഷയങ്ങളിലും പാർശ്വവൽ‌ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കാര്യത്തിലും സജ്ജീവമായി ഇടപെട്ട ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ് വി.എസ്. ഇത് മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നിന്നും അദ്ദേഹത്തെ വിഭിന്നനാക്കുന്നുണ്ട്. സൂക്ഷ്മതലത്തിലുള്ള ഈ ഇടപെടൽ ഉത്തരാധുനിക കേരളീയ സമൂഹത്തിൽ ഒരു ജനകീയനേതാവ് എന്ന അംഗീകാരം ലഭിക്കുന്നതിന് വി.എസ്സിനെ സഹായിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. ഏ.കെ.ജിയുടെ ജനകീയ ഇടപെടലുകളിൽ നിന്ന് ഏറെ വ്യത്യാസമുണ്ട്  വി.എസ്സിന്റെ ഇടപെടലുകൾക്ക്. കർഷരും തൊഴിലാളികളുമായിരുന്നു ഏ.കെ.ജിയുടെ പിൻബലം. കേരളത്തിലെ ഫ്യൂഡൽ സംവിധാനത്തിനെതിരെയായിരുന്നു ഏ.കെ.ജിയുടെ സമരം. വർഗ്ഗസമരത്തിന്റെ തുറന്ന സ്വഭാവം തന്നെയായിരുന്നു അതിനുണ്ടായിരുന്നത്. എന്നാൽ ഇന്ന് കേരളസമൂഹം വളരെയേറെ മാറിയിട്ടുണ്ട്. അത് ജെയിംസ് ബെൽ നിർവചിച്ച വ്യാവസായികാനന്തര മുതലാളിത്തത്തിന്റെ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നതാണ്. ഇതിൽ ശത്രു നേർക്കുനേർ പ്രത്യക്ഷപ്പെടുന്നില്ല. ചിലയിടങ്ങളിൽ അതിന്റെ ദുഷ്‌ശ്ചൈതികളുടെ ഫലങ്ങൾ പ്രകടമാകുകയാണു ചെയ്യുന്നത്. അത് പരിസ്ഥിതി, സ്ത്രീ, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗം, വികസനത്തിന്റെ ഇരകൾ എന്നിവിടങ്ങളിൽ കാണാം. ഈ ഇടങ്ങളീലാണ് വി.എസ്സിന്റെ സാന്നിദ്ധ്യം നമ്മൾ കണ്ടത്. ഇവിടങ്ങളിലെല്ലാം തന്നെ യുവജനങ്ങളടക്കമുള്ള വിദ്യാസമ്പന്നർ പോലും തങ്ങളുടെ പ്രത്യയശാസ്ത്രപരമായ അകൽച്ച മാറ്റിവെച്ചു കൊണ്ട് വി.എസ്സിനോടൊപ്പം നിൽക്കുന്ന കാഴ്ചയാണു കണ്ടത്.

     പാരിസ്ഥിക പ്രശ്നങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ തുടങ്ങിയ ഉത്തരാധുനിക സമൂഹത്തിന്റെ ഗുണപരമായ വശങ്ങൾ കാണുന്നതിനോടൊപ്പം തന്നെ അതിന്റെ പ്രതിലോമകരമായ വശങ്ങളെ കുറിച്ചും ജയിംസൺ പറയുന്നുണ്ട്. പിൽക്കാലമുതലാളിത്തത്തിന്റെ സാംസ്കാരിക മേലാവരണമാണ് ഉത്തരാധുനികത. വർഗ്ഗസമരങ്ങളുടെ കാലം കഴിഞ്ഞു എന്നും അവിടെയാണ് സൂക്ഷ്മതല സാമൂഹ്യപ്രസ്ഥാനങ്ങൾ ഇടം പിടിച്ചിരിക്കുന്നത് എന്നുമാണ് ഉത്തരാധുനികതയുടെ വക്താക്കൾ പറയുന്നത്. അതു കൊണ്ടുതന്നെ വി.എസ്സിനെ വർഗ്ഗസംഘടനയായ പാർട്ടിയുടെ എതിർപക്ഷത്തു നിർത്തി അതിനെതിരെ പോരാടുന്ന ഒരാൾ‌രൂപമാക്കി മാറ്റി. പാർട്ടിനേതൃത്വം ബൂർഷ്വാ സ്വഭാവങ്ങൾക്കു കീഴ്‌പ്പെട്ടു പോയതായും എതിർക്കപ്പെടേണ്ട അധികാരശക്തിയായും വിലയിരുത്തപ്പെട്ടു. കേന്ദ്രീകൃത ജനാധിപത്യം എന്ന തുറസ്സുകളധികമില്ലാത്ത അധികാരഘടനയും വിനോദവ്യവസായങ്ങൾക്കു പ്രാമുഖ്യം കൊടുക്കുന്ന തരത്തിലുള്ള അതിന്റെ ചില പ്രവർത്തനങ്ങളും ഇങ്ങനെയൊരു പരിവേഷം ചാർത്തിക്കൊടുക്കുന്നത് എളുപ്പമാക്കി. അങ്ങനെ അധികാരഘടനയോടും ബൂർഷ്വാ സ്വഭാവങ്ങളോടുമുള്ള എതിർപ്പ് എന്ന ഉത്തരാധുനിക സമൂഹത്തിന്റെ ഗുണപരമായ ഒരു ഘടകം ഉപയോഗിച്ചുകൊണ്ടുതന്നെ വർഗ്ഗസമരത്തിനു നേതൃത്വം കൊടുക്കേണ്ട ഒരു പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയിൽ ഇടിവു വരുത്തുവാൻ മൂലധനശക്തികൾക്കു കഴിഞ്ഞു.

     ഇങ്ങനെ ഉയർത്തികൊണ്ടു വന്ന ഒരു വി.എസ്സിനു വേണ്ടിയാണ് കേരളത്തിലെ ജനങ്ങൾ തെരുവിലിറങ്ങിയത്. അതായത് പാർട്ടിയിൽ നിന്നു വേർപെടുത്തി ഒരു ഒറ്റയാനായി ജനഹൃദയങ്ങളിലേക്കിറങ്ങി വന്ന വി.എസ് കേരളം ഒരു ഉത്തരാധുനിക സമൂഹമായി പരിവർത്തനം ചെയ്യപ്പെട്ടതിന്റെ തെളിവായി ഞാൻ കരുതുന്നു.

      ഈ സംഭവത്തിന്റെ മറ്റൊരു പ്രത്യേകത രാഷ്ട്രീയപ്രസ്ഥാനങ്ങൾ അടക്കമുള്ള അധികാരരൂപങ്ങൾ നേതൃതലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ജനങ്ങളിലേക്കും കീഴ്‌ഘടകങ്ങളിലേക്കും അടിച്ചേൽ‌പ്പിക്കുന്ന രീതിയെ അട്ടിമറിച്ചുകൊണ്ട് താഴെ തലങ്ങളിൽ നെന്നെടുക്കുന്ന തീരുമാനങ്ങൾ മേൽഘടകങ്ങളെ കൊണ്ട് അംഗീകരിപ്പിക്കുക എന്ന യഥാർത്ഥ ജനാധിപത്യ പ്രകൃയക്ക് തുടക്കം കുറിച്ചു എന്നതാണ്. ആരെ തെരഞ്ഞെടുക്കണം എന്നതിനു പകരം ആരു മത്സരിക്കണം എന്നു തീരുമാനിക്കുന്നതും ഇവിടെ ജനങ്ങൾ തന്നെയാവുകയാണ്. ഏതെങ്കിലും തരത്തിലുള്ള ഭരണഘടനാ ഭേദഗതിയിലൂടെയോ മറ്റോ നേടിയെടുത്തതല്ല എന്നത് ഇതിനെ സമാനതകളില്ലാത്തതാക്കുന്നു. ഇതു കൂടുതൽ ശക്തിപ്പെടുയും വിപുലപ്പെടുകയും ചെയ്യും എന്നു തന്നെ കരുതാം. തീരുമാനമെടുക്കുന്നതും നടപ്പിലാക്കേണ്ടതും താഴെത്തട്ടിലായിരിക്കണം എന്ന ആശയം ആദ്യമായി പ്രാവർത്തികമാക്കുന്നത് നായനാർ സർക്കറിന്റെ കാലത്തു രൂപം കൊണ്ട് ജനകീയാസൂത്രണപ്രസ്ഥാനമായിരുന്നു. ഇത് കൂടുതൽ വ്യാപകമായ പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്ന് ഡോ. രാജൻ‌ഗുരുക്കൾ അന്നു തന്നെ അഭിപ്രായപ്പെട്ടിരുന്നു. 

അഭിപ്രായങ്ങള്‍

  1. വ്യക്തമായ നിരീക്ഷണം.
    ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാത്ത പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകന്നു പോയപ്പോള്‍, സത്യത്തിനും നീതിക്കും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ വി.എസ്സേ ഉണ്ടായിരുന്നുള്ളു. വി.എസ്സിനെ മറികടക്കാന്‍ വി.എസ്സിനേക്കാള്‍ സത്യത്തിനുവേണ്ടി പോരാടാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരാന്‍ സി.പി.എം. നേതൃത്വത്തിനു കഴിയണം. മാഫിയകളുടെ പിച്ചവാങ്ങി അവര്‍ക്ക് ദാസ്യം ചെയ്യുന്നതാണ് തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം എന്നു വിശ്വസിക്കുകയും ഉളുപ്പില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടി ഇന്ന് കേരളത്തില്‍ നില നില്‍ക്കുന്നതുതന്നെ വി.എസ്.എന്ന കച്ചിത്തുരുമ്പില്‍ പിടിച്ചാണ്.
    പാര്‍ട്ടി മാടമ്പി തമ്പ്രാക്കന്മാരുടെ കമ്മീഷന്‍ ബിസിനസ്സല്ല തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയമെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.ജനങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ പാര്‍ട്ടിക്ക് അത് അറിയില്ലെങ്കിലും.

    മറുപടിഇല്ലാതാക്കൂ
  2. നിരീക്ഷണത്തിന്റെ അവസാന ഖണ്ഢിക ജോറായി; ഭാഗ്യവശാല്‍ വി.എസ്. ഇത്തരം തിരുത്തലുകള്‍ക്ക് ഒരു നിമിത്തമാകുന്നു എന്നതല്ലാതെ അദ്ദേഹത്തെ ബിംബവല്‍കരിക്കുന്നതും അനിഷേധ്യനാക്കുന്നതും താങ്കളുടെ നിരീക്ഷണങ്ങളോട് തന്നെ താന്കള്‍ കാണിക്കുന്ന അനീതിയാണ്‍. വി.എസ്. ഏറ്റെടുത്ത വിഷയങ്ങളില്‍ ഒരോന്നായി വിശകലനം ചെയ്യുമ്പോള്‍ ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കുമപ്പുറം ജീവിത സായാഹ്നത്തിലെ ഒരു നല്ല എന്റെര്‍റ്റൈന്മെന്റായി ആദ്ദേഹം ആസ്വദിക്കുന്നതായിരിക്കുമോ എന്ന് തോന്നിപ്പോകാറുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. അവനവന്‍റെ പണി സത്യസന്തമായി ചെയ്യുന്നു എന്നതാണ് സത്യം.. അങ്ങനെ ഉള്ളവരെ മലയാളി എന്നും അന്ഗീകരിക്കും
    ഉദാഹരണം മോഹന്‍ലാല്‍- സിനിമ, പി ടി ഉഷ -സ്പോര്‍ട്സ്, യേശുദാസ്- സംഗീതം
    ഇവര്‍ ഒന്നും അതാതു മേഘലയിലെ രാജച്കെന്മാരോ ഗുരുമാരോ അല്ല. പക്ഷെ നമ്മള്‍ അവരെ ബഹുമാനിക്കുന്നു.
    വി എസ് ഉം അത് പോലെ തന്നെ ആണ്
    താങ്കളുടെ നിരീക്ഷണം വളരെ കൃത്യമാണ്. വളരെ നന്ദി

    മറുപടിഇല്ലാതാക്കൂ
  4. വി.എസ്സിനെ ബിംബവൽക്കരിക്കാനോ അനിഷേധ്യനാക്കാനോ ഞാൻ ശ്രമിക്കുന്നില്ല. ഇത് കേരളത്തിലെ ജനങ്ങൾ ചെയ്യുന്നതാണ്. ഇതെല്ലാം ഉത്തരാധുനിക സമൂഹത്തിലെ ഒരു പ്രവണതയുമാണ്. ഒരു വ്യക്തിയെ ബിംബവൽക്കരിക്കുമ്പോൾ സംഭവിക്കുന്നത് പ്രസ്ഥാനങ്ങളുടെ പ്രാധാന്യത്തെ കുറച്ചുകാണിക്കുന്നതിന് അത് ഇടയാക്കുന്നു എന്നതാണ്. ഇത് മൂലധനശക്തികളെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്. അതു കൊണ്ടാണ് കേരളത്തിലെ കുത്തക പത്രങ്ങൾ ഇത് ആഘോഷിക്കുന്നത്. പാ‍ർട്ടി വ്യക്തമായ ഒരു നിലപാടെടുക്കാത്ത സന്ദർഭങ്ങളിൽ പോലും സൂക്ഷ്മതല പ്രവർത്തനങ്ങളിൽ ഇടപെടാറുണ്ട് എന്നുള്ളതും എന്നാൽ അരാഷ്ട്രീയതക്കു ശക്തി കൂട്ടുന്ന വിധത്തിൽ പാർട്ടിയിൽ നിന്ന് വേറിട്ടു പോകാൻ അദ്ദേഹം ഒരിക്കലും മുതിർന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. ഉത്തരാധുനിക കാലത്തെ ഗുണപരമായ സവിശേഷതകൾ ഉപയോ‍ഗപ്പെടുത്തുന്നതിനോടൊപ്പം തന്നെ വർഗ്ഗസമരത്തിന്റെ അനിവാര്യതയെ കുറിച്ചും അതിനാവശ്യമായ ഒരു സംഘടനയുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ബോധവാനാണ് എന്നു തന്നെ കരുതണം. പക്ഷെ അമിതമായി വളരുന്ന വ്യക്തിവാദം സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കുന്നതിലേക്കാവും എത്തുക. അതു കൊണ്ട് ഇത്തരത്തിലുള്ള പ്രവണതകളെ വളമിട്ട് വളർത്തുന്നതിന് മൂലധനശക്തികളൂം അവയുടെ പത്രങ്ങളും അത്യുത്സാഹം കാട്ടുക തന്നെ ചെയ്യും. വി.എസ്സിനെ ബിംബവൽക്കരിക്കുന്നതിൽ നമ്മുടെ പത്രങ്ങൾ നൽകിയ സംഭാവന ചെറുതല്ല. ഇതു പറയുമ്പോൾ വി.എസ്സിന്റെ പ്രവർത്തനങ്ങളെ ചെറുതായി കാണാനും കഴിയില്ല. പാർട്ടി ജലകേളീവ്യവസായങ്ങൾക്കും മറ്റു മൂലധന കേന്ദ്രീകൃത വ്യവസായങ്ങൾക്കും നൽകുന്ന പ്രാധാന്യം സൂക്ഷ്മതല രാഷ്ട്രീയപ്രവർത്തനങ്ങൾക്കു കൊടുക്കുകയും അവയെ വർഗ്ഗസമരവുമായി കണ്ണിചേർക്കാൻ ശ്രമിക്കുകയും ചെയ്തില്ലെങ്കിൽ അത് കേരളത്തോടും അതിന്റെ ചരിത്രത്തോടും ചെയ്യുന്ന ഏറ്റവും വലിയ ഒരപരാധമായിരിക്കും

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യുക

മുല്ലപ്പെരിയാറിനെ കറിച്ച് ഇപ്പോൾ പറഞ്ഞു കേൾക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അവിടുത്തെ അവസ്ഥ വളരെ ഭീതിതമാണ്. ഇവിടെ 'ശരിയാണെങ്കിൽ' എന്ന പദം ഞാൻ പ്രയോഗിച്ചത് മനപ്പൂർവ്വമാണ്. ഒരു നിർമ്മിതവസ്തുവിന്റെ ആയുസ്സ് തീരുമാനിക്കുന്നത് ചില മുൻകരുതലുകൾക്കു വേണ്ടി കൂടിയാണ്. ആ വസ്തു, നിശ്ചിതകാലാവധിക്കു ശേഷം നിലനിൽക്കുന്നത് മനുഷ്യനോ പ്രകൃതിക്കോ അപകടം വരുത്തുന്ന ഒന്നാണെങ്കിൽ അത് തുടർന്നും നിലനിൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഈ മുൻകരുതലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ടവരുടെ പ്രസ്താവനകളിൽ നിന്നും മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഡാം ഇപ്പോൾ വളരെ അപകടകരമായ അവസ്ഥയിലാണ് എന്നു തന്നെയാണ്. എന്നിട്ടും എന്തിനു വേണ്ടിയാണ് കേരളം പുതിയ അണക്കെട്ടിനു വേണ്ടി വാശി പിടിക്കുന്നത്? പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം മാത്രം പണിതീർന്നേക്കാവുന്ന ഒരു അണക്കെട്ടു വരുന്നതു വരേക്കും ഇപ്പോഴുള്ളത് നിലനിൽക്കുമെന്ന് ഇവർക്കുറപ്പുണ്ടോ? എങ്കിൽ തമിഴ്‌നാട്ടുകാർ പറയുന്നത് അംഗീകരിച്ചു കൊടുക്കുക തന്നെയല്ലേ നമ്മളും ചെയ്യുന്നത്? ഇത്രയും കാലം കൂടി നിലനിൽക്കും എന്ന് ഉറപ്പുള്ള ഒന്നിന്റെ പേരിൽ എന്തിനാണ് ആ...

സ്വാശ്രയമലമക്കാവ് അഥവാ സൈബർസർഗ്ഗാത്മകത

ജൂൺ അഞ്ചാം തിയ്യതി ഡോ.കൃഷ്ണദാസ് പത്തിയിൽ ഫെയ്സ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിന്നാണ് സ്വാശ്രയമലമൽക്കാവ് എന്ന ആശയം മുളപൊട്ടുന്നത്. വളരെ പെട്ടെന്നു തന്നെ അതിന്റെ തുടർപ്രവർത്തനങ്ങൾ തുടങ്ങുകയും വിശദമായ സാമൂഹ്യ-സാമ്പത്തിക സർവ്വേ വരെ കാര്യങ്ങൾ എത്തി നിൽക്കുകയും ചെയ്തിരിക്കുന്നു.  ഒരു സൈബർ ഇടം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ ഒരു പൊതു ഇടം തന്നെയാണ്. ഇതിൽ ചർച്ച ചെയ്യുന്നത് സാമൂഹ്യമായ കാര്യങ്ങൾ ആയിരിക്കുകയും ചെയ്യും. ഇതിന്റെ സ്ഥലപരമായ പരിമിതി (അഥവാ വിശാലത) മൂലം പ്രവർത്യുന്മുഖമായ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത് പലപ്പോഴും അസാദ്ധ്യമാവുകയും ചെയ്യാറുണ്ട്. കോഴിക്കോട് ഒരാൾക്ക് വീടുവെച്ചുകൊടുത്തതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ പോലും. ഇതിനിടയിലാണ് തൃത്താല നിയോജകമണ്ഡത്തിന്റെ പരിധിയിൽ വരുന്നവർ മാത്രമടങ്ങുന്ന ഫെയ്സ്ബുക് കൂട്ടായ്മ-- തൃത്താലപ്പെരുമ -- പുതിയ സാദ്ധ്യത കണ്ടെത്തുന്നത്. നാട്ടിലുള്ളവരും ഇല്ലാത്തവരും അവർക്കു സാധിക്കുന്ന രീതിയിൽ ഇതിൽ ഇടപെടുന്നു--സഹകരിക്കുന്നു എന്ന വാക്ക് ഞാൻ ബോധപൂർവ്വം ഒഴിവാക്കുന്നു. സത്യത്തിൽ ഇത്തരമൊരു ആശയം അത്ര പുതുമയുള്ളതൊന്നുമല്ല. അമ്പലപ്പുഴയില്‍ പങ്കജാക്ഷക്കു...