ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആരു നടത്തും ഇനിയൊരു വിപ്ലവം

                              ഒരു സമത്വസുന്ദരലോകത്തെ കുറിച്ചും അതിനു വേണ്ടി നടത്തേണ്ട സാമൂഹ്യ വിപ്ലവത്തെ കുറിച്ചും കുറേ നല്ല സ്വപ്നങ്ങളുണ്ടായിരിന്നു മുന്‍തലമുറകളില്‍ പെട്ട കുറേ പേര്‍ക്കെങ്കിലും. പുതിയ തലമുറക്ക് അത്തരം സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയാം. സോവിയറ്റ് യൂണിടനടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയാണ് ഇതിന് കാരണമെന്ന് പറഞ്ഞു കൂടാ.

     ചൂഷണത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ മുക്തമായ ലോകത്തെ കുറിച്ചുള്ള സങ്കല്‍പം എക്കാലത്തും ഉണ്ടായിരുന്നു എങ്കിലും അത്തരമൊരു ലോകം സൃഷ്ടിക്കുന്നതിനു വേണ്ട ശാസ്ത്രീയമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിയത് മാര്‍ക്സും അദ്ദേഹത്തിന്‍റെ അനുയായികളും ആയിരുന്നു. തൊഴിലാളിവർഗ്ഗമായിരുന്നു വിപ്ലവത്തിന് നേതൃത്വം കൊടുക്കേണ്ടിയിരുന്നത്. മുതലാളിത ചൂഷണം ഏറ്റവും ക്രൂരമായി അനുഭവിച്ചുകൊണ്ടിരുന്ന തൊഴിലാളികൾ അതിൽ നിന്ന് രക്ഷപ്പെടാൻ വളരെ ആത്മാർഥമായി ആഗ്രഹിച്ചു. തങ്ങളെ പോലെ തന്നെ ദുരിതം അനുഭവിക്കുന്നവരാണ് മറ്റു തൊഴിലാളികളും എന്ന തിരിച്ചറിവ് അവരിൽ ഐക്യബോധം ഉളവാക്കി. സ്വകാര്യസ്വത്ത് ഉൽഭവിച്ച കാലം മുതൽ തന്നെ ചൂഷിതരും ചൂഷകരും എന്ന വർഗ്ഗപരമായ വേർതിരിവ് ഉണ്ടായിരുന്നു. വ്യാവസായികമുതലാളിത്തം ചൂഷിതരായ തൊഴിലാളികൾക്ക് സംഘടിക്കനുള്ള അവസരം ഉണ്ടാക്കി. തൊഴിലാളികൾക്ക് പൊതുവായി സമാനമായ ആഗ്രഹങ്ങളും ആവശ്യങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്. കാരണം അവർ തുല്യദുഖിതർ ആയിരുന്നു. സ്വാഭാവികമായും ദുരിതമനുഭവിക്കുന്നവർ അതിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കും.  ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവ് ഇല്ലാതകുന്നതോടെ മാത്രമെ തങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടൂ എന്ന തിരിച്ചറിവ് സാമൂഹ്യ വിപ്ലവത്തെ കുറിച്ച് ചിന്തിക്കുന്നതിനു പ്രേരിപ്പിച്ചു. ഇതിനായുള്ള സംഘടനകൾ ലോകത്തിന്റെ പല ഭാഗത്തും രൂപം കൊണ്ടു. ഇതിനു അവരെ സഹായിക്കാൻ ശക്തമായ ഒരു ദാർശനികാടിത്തറ രൂപപ്പെടുത്തിയെടുത്തു എന്നതാണ് മാർക്സിന്റെ പ്രാധാന്യം.
  
    പക്ഷെ ഇന്ന് തൊഴിലാളികൾ ഒരേ ആവശ്യങ്ങളും ഒരേ ആഗ്രഹങ്ങളും ഉള്ളവരാണോ? വ്യത്യസ്ത വരുമാന നിലവാരങ്ങളിൽ നിൽക്കുന്ന തൊഴിലാളികൾ താഴെത്തട്ടുകാരും ഇടത്തട്ടുകാരും മേൽത്തട്ടുകാരും ആയി വേതിരിഞ്ഞിരിക്കുകയാണ്. ഒരു കർഷകത്തൊഴിലാളിയുടെ ആവശ്യങ്ങളല്ല ഐ.ടി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളിയുടേത്. ഇവരെല്ലാവരും സത്യത്തിൽ മൂലധനത്താൽ വഞ്ചിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായും ഇതിനെരെയുള്ള പ്രതിഷേധം ഇവരിൽ ഉണ്ടായിരിക്കേണ്ടതുമാണ്. പക്ഷെ ഇവരുടെ ആവശ്യങ്ങൾ വരുമാനത്താൽ നിയന്ത്രിക്കപ്പെടുന്നു. ഒരു വിഭാഗം അവരുടെ ദുരിതങ്ങളിൽ നിന്ന് കരകയറാനുള്ള മാർഗ്ഗങ്ങളെ കുറിച്ചാണ് ആലോചിക്കുന്നതെങ്കിൽ മറ്റൊരു കൂട്ടർ മുതലാളിത്ത സൌഭാഗ്യങ്ങൾ ആസ്വദിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചാണ് ആലോചിക്കുന്നത്. ഇങ്ങനെയൊരു വിഭജനം സാധിച്ചെടുക്കാൻ മുതലാളിത്തത്തിന് വളരെയൊന്നും പാടുപെടേണ്ടി വന്നിട്ടില്ല. വരുമാനത്തിൽ പ്രകടമായ അന്തരം വരുത്തുക എന്ന ലളിതമായ ഒരു കാര്യമേ ചെയ്തതുള്ളു. 

     വരുമാനത്തിലുണ്ടാകുന്ന വർദ്ധനവിനെ ഉപഭോഗത്തിലൂടെ തിരിച്ചുപിടിക്കാനും മൂലധനശക്തികൾക്കറിയാം. ഇങ്ങനെ അധികമായി നൽകപ്പെടുന്ന പണം മൂലധനസഞ്ചയം കൂട്ടുന്നതിന് തന്നെ വീണ്ടും ഉപയോഗിക്കപ്പെടുന്നു. തൊഴിലുറപ്പുപദ്ധതി വ്യാപകമായതിനെ തുടർന്ന് ഉപഭോഗവസ്തുക്കൾക്കുണ്ടായ വിലവർദ്ധനവും കേന്ദ്രസർക്കാരിന്റെ ശംബളപരിഷ്കരണം വന്നതിനെ തുടർന്ന് കാർവിപണിയിലുണ്ടായ വളർച്ചയും ഇതോടൊപ്പം കൂട്ടിവായിക്കവുന്നാതാണ്. 

    വർഗ്ഗബോധത്തെ ശിഥിലീകരിക്കുന്നതിലൂടെ ബൂർഷ്വാസി തൊഴിലാളി വർഗ്ഗത്തിനു മേൽ വ്യക്തമായ ഒരു വിജയം നേടിക്കഴിഞ്ഞു. ഉയർന്ന വരുമാനക്കാരായ തൊഴിലാളികളെ കൂടെ നിത്തുന്നതിനും അവരിലൂടെ തങ്ങളുടെ ആശയാടിത്തറ വിപുലപ്പെടുത്തുന്നതിനും (ആശയപരമായ മേധാവിത്തം ഉറപ്പു വരുത്തുന്നതിനും) അവർക്കു കഴിഞ്ഞു. കേരളത്തെ പോലെ ഇടതുപക്ഷാടിത്തറ ശക്തമായ ഒരു പ്രദേശത്തു പോലും നിയോ‍ലിബറൽ ആശയങ്ങൾക്ക് വ്യാപകമായ പിന്തുണ ലഭിക്കുന്നത് നമ്മുടെ നേരറിവുകളിൽ ഒന്നാണല്ലോ. സമ്പാദ്യമായി സ്വന്തം കുഞ്ഞുങ്ങളും നഷ്ടപ്പെടാൻ കാൽച്ചങ്ങലകളും മാത്രം ഉണ്ടായിരുന്ന ഒരവസ്ഥയിൽ നിന്ന് നേടാനും നഷ്ടപ്പെടാനും -നിലവിലുള്ള അവസ്ഥകൾക്കുള്ളിൽ നിന്നു കൊണ്ടുതന്നെ- വളരെയേറെയുള്ള, ആഗ്രഹങ്ങളിൽ വളരെയേറെ അന്തരം പുലർത്തുന്ന വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിതമായി കിടക്കുന്ന ഒരു വർഗ്ഗത്തിൽ ഇനിയും വിപ്ലവശേഷി അവശേഷിച്ചിട്ടുണ്ടോ എന്നത് എന്റെ സന്ദേഹങ്ങളിൽ ഒന്നാകുന്നു.

അഭിപ്രായങ്ങള്‍

  1. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇന്നുമുണ്ട്. കേരളത്തെ മാത്രം കണരുത്. പിന്നെ എന്തുകൊണ്ട്? അധികാരം എന്തിനേയും ദുഷിപ്പിക്കുന്നു; വിപ്ലവ പാര്‍ട്ടികളേയും. അതിന്റെ സ്വാദറിഞ്ഞവന്‍ എന്തു വിപ്ലവത്തിനാണ് തയ്യാറാവുക. ആദ്യ നെഹ്രു മന്ത്രി സഭക്ക് എന്തു ദോഷമുണ്ടായിരുന്നെങ്കിലും, അവര്‍ അഴിമക്കാരായിരുന്നില്ല. അതു പോലെ 57 ലെ കേരള മന്ത്രിസഭയും ഇന്നത്തെ മന്ത്രിസഭയും ഒന്നു താരതമ്യം ചെയ്തു നോക്കൂ.
    ഇപ്പോള്‍ വിപ്ലവത്തെ കുറിച്ചാരും ചിന്തിക്കുന്നതേയില്ല. പഴയ ചില ഓര്‍മകള്‍ വച്ച് (പഴയവര്‍?) ചിലതു പറയുന്നു എന്നു മാത്രം. ഒരു ക്രൈസിസ് വരട്ടെ. അപ്പോള്‍ ചില ‘പുതിയവര്‍‘ വിപ്ലവവുമായി മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കാം. പഴകുമ്പോള്‍ അവരുടെ അവസ്ഥയും എന്താകുമോ എന്തോ?

    മറുപടിഇല്ലാതാക്കൂ
  2. കേരളത്തെ മാറ്റിനിർത്തികൊണ്ടാണ് ഞാൻ ചിന്തിച്ചത്. കർഷകത്തൊഴിലാളിയും കോർപ്പറേറ്റ് മേഖലയിൽ പണിയെടുക്കുന്നവനും തമ്മുലുള്ള വ്യത്യാസം മറ്റിടങ്ങളിലാണ് കൂടുതൽ എന്നു ഞാൻ കരുതുന്നു. അതുകൊണ്ടാണ് ഒരുവിഭാഗം ദുരിതങ്ങളിൽ നിന്ന് കരകയറാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ മറ്റൊരു വിഭാഗം മുതലാളിത്തസൌഭാഗ്യങ്ങൾ ആസ്വദിക്കുന്നതിനുള്ള ഓട്ടത്തിലാണ് എന്നു പറഞ്ഞത്. കേരളത്തിൽ ഇതത്ര വ്യക്തമല്ല. അധികാരം ദുഷിപ്പിച്ചു എന്നു പറഞ്ഞാൽ പൂർണ്ണമായും ശരിയാവുകയില്ല. ഗ്രാംഷി പറഞ്ഞ ആശയപരമായ അധീശത്വം (ഹെജിമെനി) മുതലാളിത്തം സമൂഹത്തിനു മേൽ നേടിക്കഴിഞ്ഞിരിക്കുന്നു. അതിന് അവർക്ക് അവരുടേതായ മാർഗ്ഗങ്ങളുമുണ്ടായിരുന്നു. തൊഴിലാളിവർഗ്ഗം പോലും മുതലാളിത്ത പ്രത്യയശാസ്ത്രത്തിനടിപ്പെട്ടിരിക്കുന്ന ഈ കാലത്ത് വിപ്ലവം എങ്ങനെ സാ‍ധ്യമാവും എന്നാണ് ഞാൻ ചിന്തിച്ചത്. അതിന് ഒരു ക്രൈസിസ് മാത്രം പോരാ. ക്രൈസിസുകൾ കലാപങ്ങളിലേക്ക് നയിച്ചേക്കാം വിപ്ലവമുണ്ടാകാൻ അതു മാത്രം പോരാ. ശക്തമായ പ്രത്യയശാസ്ത്ര പിന്തുണ കൂടി വേണം. അതിന് സാംസ്കാരിക രംഗത്തുള്ള സമരം ശക്തിപ്പെടുത്തേണ്ടതുണ്ട്. ആ രംഗത്തും മറ്റവൻ തന്നെയാണ് മുന്നിൽ. ചില പ്രതീക്ഷകൾ നൽകിയ ലോകസോഷ്യൽ ഫോറത്തെ കുറിച്ച് ഇപ്പോൾ കേൾക്കാനേ ഇല്ലല്ലോ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാഭ്യാസം ഇപ്പോഴും നമുക്ക് പ്രധാന വിഷയമല്ല.

കഴിഞ്ഞ രണ്ടാഴ്ചകളായി നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ചും നിലവാരത്തകർച്ചയെ കുറിച്ചും ഗംഭീരമായ ചർച്ചകൾ നടക്കുന്നുണ്ട് . ഇപ്പോൾ അവസാനിക്കാറായി . ഇനി അടുത്ത വർഷമായിരിക്കും ഇതുപോലെ കാണുക . വിമർശിക്കുന്നവരെല്ലാം തന്നെ വിദ്യാഭ്യാസരംഗം നന്നായി കാണാൻ ആഗ്രഹിക്കുന്നവരായിരിക്കും . അവർ ആഗ്രഹിക്കുന്ന രീതിയിൽ ഇതിനു മാറ്റം വരുന്നില്ല എന്നാണ് അവരുടെ പരാതി . എന്നാൽ ഇപ്പോൾ ഗുണകരമായ മാറ്റങ്ങളാണ് നടക്കുന്നത് എന്നവകാശപ്പെടുന്നവർക്കുമുണ്ട് പരാതി . ഇത്രയും പോരാ ഇനിയും കുറെ കൂടി മെച്ചപ്പെടാനുണ്ട് എന്നാണ് അവരുടെ ആവശ്യം . മാത്രമല്ല വിദ്യാഭാസരംഗത്തു നടക്കുന്ന ഗുണകരമല്ലാത്ത ചില മാറ്റങ്ങളെ കുറിച്ച് അവർ വ്യാകുലപ്പെടുന്നുമുണ്ട് . ഇതെല്ലാം നല്ലതു തന്നെ . ഇതിനപ്പുറം വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ച് കുറെ കൂടി ഉറക്കെ ചിന്തിക്കണമെന്നു തോന്നുന്നു . ഇവിടെ വിദ്യാഭ്യാസം എന്നതു കൊണ്ടുദ്ദേശിച്ചത് പഠനനിലവാരമോ അദ്ധ്യാപകരുടെ നിലവാരമോ വിദ്യാലയത്തിലെ ഭൗതികസാഹചര്യങ്ങളോ അല്ല . വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ചാണ് . ഗണിതം , ശാസ്ത്രം എന്നൊക്കെ പറയുന്നതു പോലെ ഒരു വിഷയം . ഇത് സർവ്വകലാശാലാ തലത്തിൽ പഠിച്ചവരാ...

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം

" നാളത്തെ കേരളത്തിലെ " നാളത്തെ കേരളവും ആഗസ്റ്റ് പതിഞ്ചും എന്ന പോസ്റ്റ് വായിച്ചപ്പോൾ എനിക്കും ഒന്നു പോസ്റ്റണം എന്നു തോന്നി. അവിവേകം പൊറുക്കുക!!! 2003 ജൂൺ ലക്കം ആശയസമന്വയത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ബ്ലോഗിൽ ഒരിക്കൽ കൂടി.... ****** *****      ജനാധിപത്യത്തെ തികച്ചും രാഷ്ട്രീയമായാണ് ഇത്രയും കാലം കൈകാര്യം ചെയ്തത്. ഒരു സംസ്കാരമായി ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല. ഫ്യൂഡൽ അവശിഷ്ട സംസ്കാരവും ജനാധിപത്യ ഭരണക്രമവും എന്നതാണ് നാം തുടർന്നു വരുന്ന രീതി. ഇങ്ങനെ പരസ്പരം യോജിക്കാത്തവയുടെ യോജിപ്പിന്റെ സ്വാഭാവിക അന്ത്യമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രകൃയക്ക് ആക്കം കൂട്ടുന്നതിനായുള്ള ജനാധിപത്യ വിരുദ്ധശക്തികളുടെ- മുതലാളിത്തവും വർഗ്ഗീയശക്തികളും- ബോധപൂർവ്വമായ ഇടപെടൽ അടുത്ത കാലത്തായി ഇന്ത്യയിൽ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.      രാഷ്ട്രീയ സമരങ്ങളുടെ അരാഷ്ട്രീയവൽക്കരണവും വിശ്വാസ്യത നഷ്ടപ്പെടുത്തലും എല്ലാ പാർട്ടികളും സംഘടനകളും പ്രചരിപ്പിക്കൽ, ഏതു വ്യക്തിയും സ്വന്തം സാമ്പത്തിക ലാഭത്തെ ആസ്പദമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നുള്ള ...