ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഈ കുട്ടികളെയും കൊണ്ട് എങ്ങോട്ടാണീ ലോകം പോകുന്നത്?



The State of the World's Children 2011 © UNICEF UK/2011     ആരാലും ശ്രദ്ധിക്കപ്പെടാതെ ചെറുപ്പത്തിലേ ദുരിതവും പേറി മരണത്തിലേക്കു നടക്കുന്ന ഈ കുട്ടികളെയും കൊണ്ട് എങ്ങോട്ടാണ് ഈ ലോകം പോകുന്നത്? ശാസ്ത്രവും സാങ്കേതിക വിദ്യയും വളരുകയും സുഖസൌകര്യങ്ങളും ആർഭാടങ്ങളും കുന്നുകൂടുകയും കോർപ്പറേറ്റുകളുടെ ആസ്തി ശതകോടികൾ മറികടക്കുകയും ചെയ്യുമ്പോൾ അതിനു വിപരീതമായ അനുപാതത്തിൽ വളരുന്ന ദാരിദ്ര്യത്തെ കുറിച്ചാണ് ഫെബ്രുവരി 25നു പ്രസിദ്ധീകരിച്ച യൂണിസെഫിന്റെ ഈ വർഷത്തെ ‘കുട്ടികളുടെ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട്‘ വ്യാകുലപ്പെടുന്നത്. കൌമാരക്കാരെ കുറിച്ചാണ് ഈ വർഷത്തെ റിപ്പോർട്ട്. വലിയൊരു വിഭാഗം കുട്ടികൾക്കും നല്ല വിദ്യാഭ്യാസമോ മരുന്നോ ജീവിതസൌകര്യങ്ങളോ ലഭ്യമല്ലത്രെ. 70 മില്യൻ കുട്ടികൾക്ക് സെക്കന്ററി വിദ്യാഭ്യാസം ലഭ്യമല്ല. പെൺകുട്ടികൾക്കാകട്ടെ ആൺകുട്ടികൾക്കു കിട്ടുന്ന വിദ്യാഭ്യാസസൌകര്യം പോലും കിട്ടുന്നില്ല. ലോകത്തുള്ള ആകെ കൌമാരക്കരിൽ പകുതിയോളം വരും ഇവർ. ഇതിൽ 88% കുട്ടിളും ജീവിക്കുന്നത് വികസ്വരരാജ്യങ്ങളിലാ‍ണ്. ഇവരെയും വെച്ചുകൊണ്ടാണ് ഈ രാജ്യങ്ങൾ വികസനത്തിന്റെ പടവുകൾ കയറേണ്ടത്. ശരിയായ വിദ്യാഭ്യാസം ലഭിക്കത്തതുകൊണ്ട് ഈ കുട്ടികൾ ജീവിതത്തിൽ പല വിധത്തിലുള്ള ചൂഷണങ്ങൾക്കും വിധേയമാകേണ്ടി വരികയും ചെയ്യുന്നു. മാത്രമല്ല വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട സാങ്കേതിക പരിജ്നാനവും സ്കില്ലും ഇവർക്കു ലഭിക്കാതെ വരുന്നു. ഇത് ആ രാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ചയെ ദോഷകരമായി ബധിക്കുകയും ചെയ്യും.

     ആവശ്യമായ ആരോഗ്യപരിരക്ഷയും ഇവർക്കു ലഭിക്കുന്നില്ല. അതു കൊണ്ടുതന്നെ ജീവിതത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ദശകങ്ങളിൽ ഇവർ മരണത്തിനു കീഴടങ്ങുന്നു. 1998നും 2008നും ഇടയിൽ 15വയസ്സിനും 19വയസ്സിനും ഇടയിലുള്ള 81,000 കുട്ടികളാണ് ബ്രസീലിൽ മാത്രം മരണമടഞ്ഞത്. പുതിയതായി റിപ്പോർട്ടു ചെയ്യുന്ന HIV കേസുകളിൽ മൂന്നിലൊന്നും 15-24 പ്രായപരിധിയിൽ പെടുന്ന കുട്ടികളാണ്. വിദ്യാഭ്യാസം, വാക്സിനേഷൻ, ആരോഗ്യസംരക്ഷണ സൌകര്യങ്ങൾ എന്നിവയുടെ അപര്യാപ്തതയാണ് ഈ അവസ്ഥക്കു കാരണം. 18 വയസ്സിനു മുമ്പേ വിവാഹിതയാവുകയും അമ്മയാവുകയും ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം മൂന്നാം ലോകരാജ്യങ്ങളിൽ താരതമ്യേന കൂടുതലാണ്. ഗർഭാവസ്ഥയിലുള്ള മരണവും പ്രസവത്തിലുള്ള മരണവും ഈ രാജ്യങ്ങളിൽ തന്നെയാണ് കൂടുതലുള്ളത്. ശൈശവ വിവാഹം, നിർബ്ബന്ധിത തൊഴിലെടുപ്പിക്കൽ, ലൈംഗിക വ്യാപാരം എന്നിവക്കും ഈ കുട്ടികൾ കീഴടങ്ങേണ്ടി വരുന്നു.

    അസർബൈജാനെ പോലെ ചുരുക്കം ചില രാജ്യങ്ങളിലൊഴികെ പെൺകുട്ടികൾ ആൺകുട്ടികളെ അപേക്ഷിച്ച കൂടുതൽ പീഡനങ്ങൾക്ക് ഇരയാവുന്നുണ്ട്. ലോകസാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി 24 വയസ്സിൽ താഴെയുള്ള 81 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. ഇത് ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. അഞ്ചിലൊരാൾ വീതം മനസ്സികാസ്വാസ്ഥ്യങ്ങൾ അനുഭവിക്കുന്നവരാണ്.

     ഈ കുട്ടികളെയും വെച്ചുകൊണ്ടാണ് നമ്മൾ പുരോഗതിയെയും വികസനത്തെയും കുറിച്ചു പറയുന്നത്. ശതകോടീശ്വരന്മാരുടെ എണ്ണം കൂട്ടുന്നതും അവരുടെ ആസ്തി കൂട്ടുന്നതുമാണ് യഥാർത്ഥ വികസനമെന്ന നിയോലിബറൽ സങ്കല്പത്തിന്റെ പ്രയോക്താക്കളാണ് നമ്മുടെ ഭരണാധികാരികൾ. ദുരിതക്കയങ്ങളിൽ വീണു കിടക്കുന്ന ദരിദ്രലക്ഷങ്ങളെ പിടിച്ചുയർത്തണമെങ്കിൽ മറ്റിടങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന സമ്പത്തിന്റെ കുറെ ഭാഗമെങ്കിലും പിടിച്ചെടുത്തുപയോഗിക്കേണ്ടി വരും. ഇത് എത്രത്തോളം സാധ്യമാകും? തൊഴിലുറപ്പു പദ്ധതിയിലൂടെ നൽകിയ ചെറിയ വേതനം പോലും വില കയറ്റി സ്വിസ് ബാങ്കിലേക്കൊഴുക്കുന്ന കാഴചയല്ലേ ഇന്ത്യയിലിപ്പോൾ കാണുന്നത്? വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും കൂടുതൽ തുക നീക്കി വെക്കണമെന്ന യൂണിസെഫിന്റെ നിർദ്ദേശം എത്ര രാജ്യങ്ങൾ സ്വീകരിക്കും? അനധിക്ര്‌ത നിക്ഷേപങ്ങളുടെ ചെറിയൊരു ഭാഗം പിടിച്ചെടുത്താൽ തന്നെ ഇതിനൊക്കെയുള്ള തുക ലഭിക്കില്ലേ? ഇന്ത്യൻ ഭരണകൂടം ഇതിനു തയ്യറാകുമോ? വ്യവസായികളുടെ പ്രാതിനിധ്യം കൂടിവരുന്ന പാർലമെന്റിൽ നിന്നും ഇനിയെന്താണു പ്രതീക്ഷിക്കാനുള്ളത്? 20 രൂപ പോലും വരുമാനമില്ലാത്ത കുടുംബങ്ങളിലെ കുട്ടികളെ കുറിച്ച് യൂനിസെഫിന് ഇനിയും റിപ്പോർട്ടുകളെഴുതാം.

അഭിപ്രായങ്ങള്‍

  1. നമുക്ക് കുട്ടികളുടെ കാര്യം നോക്കാന്‍ എവിടെ നേരം. 2ജി..... 3ജി.... അങ്ങനെ വികസിച്ചു കൊണ്ടിരിക്കുകയല്ലേ??????????

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം

" നാളത്തെ കേരളത്തിലെ " നാളത്തെ കേരളവും ആഗസ്റ്റ് പതിഞ്ചും എന്ന പോസ്റ്റ് വായിച്ചപ്പോൾ എനിക്കും ഒന്നു പോസ്റ്റണം എന്നു തോന്നി. അവിവേകം പൊറുക്കുക!!! 2003 ജൂൺ ലക്കം ആശയസമന്വയത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ബ്ലോഗിൽ ഒരിക്കൽ കൂടി.... ****** *****      ജനാധിപത്യത്തെ തികച്ചും രാഷ്ട്രീയമായാണ് ഇത്രയും കാലം കൈകാര്യം ചെയ്തത്. ഒരു സംസ്കാരമായി ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല. ഫ്യൂഡൽ അവശിഷ്ട സംസ്കാരവും ജനാധിപത്യ ഭരണക്രമവും എന്നതാണ് നാം തുടർന്നു വരുന്ന രീതി. ഇങ്ങനെ പരസ്പരം യോജിക്കാത്തവയുടെ യോജിപ്പിന്റെ സ്വാഭാവിക അന്ത്യമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രകൃയക്ക് ആക്കം കൂട്ടുന്നതിനായുള്ള ജനാധിപത്യ വിരുദ്ധശക്തികളുടെ- മുതലാളിത്തവും വർഗ്ഗീയശക്തികളും- ബോധപൂർവ്വമായ ഇടപെടൽ അടുത്ത കാലത്തായി ഇന്ത്യയിൽ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.      രാഷ്ട്രീയ സമരങ്ങളുടെ അരാഷ്ട്രീയവൽക്കരണവും വിശ്വാസ്യത നഷ്ടപ്പെടുത്തലും എല്ലാ പാർട്ടികളും സംഘടനകളും പ്രചരിപ്പിക്കൽ, ഏതു വ്യക്തിയും സ്വന്തം സാമ്പത്തിക ലാഭത്തെ ആസ്പദമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നുള്ള ...

വിയെസ്സും മാറുന്ന കേരളവും

     കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നത് വി . എ സ്സിനെ കുറിച്ചായിരുന്നു. തങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയുടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്നതും പ്രകടനം നടത്തുന്നതും കേരളത്തിലാദ്യമായി വി . എ സ്സിന്റെ കാര്യത്തിൽ തന്നെയായിരിക്കും നടന്നിരിക്കുക എന്നു തോന്നുന്നു. അഞ്ചു വർഷങ്ങൾക്കു മുമ്പായിരുന്നു അത്. ജനവികാരം കണക്കിലെടുത്ത് പാർട്ടി അതിന്റെ തീരുമാനം മറ്റിയതും മാർക്സിസ്റ്റു പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. ഇ.എം.എസ്സിനെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാൻ തീരുമാനിച്ചപ്പോഴോ നായനാരെ തെ ര ഞ്ഞെടുപ്പു രംഗത്തു നിന്നു മാറ്റി നിർത്തിയപ്പോഴോ ഉണ്ടാകാത്ത പ്രതിഷേധമാണ് വി.എസ്സിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സമൂഹത്തിലുണ്ടായിട്ടുള്ള ഘടനാപരമായ ചില മാറ്റങ്ങൾ ഇതിനു കാരണമായിട്ടുണ്ടോ എന്ന എന്റെ ചില സന്ദേഹങ്ങളാണ് ഇവിടെ പങ്കുവെക്കാൻ പോകുന്നത്.      പിൽക്കാലമുതലാളിത്തത്തിന്റെ പൊതുസ്വഭാവത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അമേരിക്കൻ മാർക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജെയിംസൺ സൂക്ഷ്മതല സാമൂഹ്യപ്രസ്ഥാനങ്ങൾ...

ആരു നടത്തും ഇനിയൊരു വിപ്ലവം

                               ഒരു സമത്വസുന്ദരലോകത്തെ കുറിച്ചും അതിനു വേണ്ടി നടത്തേണ്ട സാമൂഹ്യ വിപ്ലവത്തെ കുറിച്ചും കുറേ നല്ല സ്വപ്നങ്ങളുണ്ടായിരിന്നു മുന്‍തലമുറകളില്‍ പെട്ട കുറേ പേര്‍ക്കെങ്കിലും. പുതിയ തലമുറക്ക് അത്തരം സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയാം. സോവിയറ്റ് യൂണിടനടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയാണ് ഇതിന് കാരണമെന്ന് പറഞ്ഞു കൂടാ.      ചൂഷണത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ മുക്തമായ ലോകത്തെ കുറിച്ചുള്ള സങ്കല്‍പം എക്കാലത്തും ഉണ്ടായിരുന്നു എങ്കിലും അത്തരമൊരു ലോകം സൃഷ്ടിക്കുന്നതിനു വേണ്ട ശാസ്ത്രീയമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിയത് മാര്‍ക്സും അദ്ദേഹത്തിന്‍റെ അനുയായികളും ആയിരുന്നു. തൊഴിലാളിവർഗ്ഗമായിരുന്നു വിപ്ലവത്തിന് നേതൃത്വം കൊടുക്കേണ്ടിയിരുന്നത്. മുതലാളിത ചൂഷണം ഏറ്റവും ക്രൂരമായി അനുഭവിച്ചുകൊണ്ടിരുന്ന തൊഴിലാളികൾ അതിൽ നിന്ന് രക്ഷപ്പെടാൻ വളരെ ആത്മാർഥമായി ആഗ്രഹിച്ചു. തങ്ങളെ പോലെ തന്നെ ദുരിതം അനുഭവിക്കുന്നവരാണ് മറ്റു തൊഴിലാളികളും എന്ന തിരിച്ചറിവ് അവരിൽ ഐക്യബോധം ഉള...