ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തുറന്ന ക്ലാസ്സ്മുറി



     എ.പി.മൊയ്തീൻ തുറന്ന ക്ലാസ്സ്മുറി എന്ന പേരിൽ പരിഭാഷപ്പെടുത്തിയ കെ.ടി.മാർഗ്ഗരറ്റിന്റെ പുസ്തകം  ഇന്നാണ് വായിച്ചു തീർന്നത്. പത്തു വർഷം മുമ്പ് ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് വായിച്ചപ്പോൾ ഉണ്ടായ താല്പര്യം ഒരു കുറിപ്പാക്കി ആശയസമന്വയം മാസികക്ക് അയച്ചു കൊടുത്തു. 2001 നവംബർ ലക്കത്തിൽ അത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ന് പുസ്തകം വായിച്ചു തീർന്നപ്പോൾ അത് തപ്പിയെടുത്ത് ഒന്നു വായിച്ചു നോക്കി. അപ്പോൾ ആ കുറിപ്പിനെ ബൂലോകത്തേക്കൊന്നിറക്കാൻ തോന്നി.

തുറക്കുന്ന വാതിലുകൾ

     ഒരു സമൂഹത്തിന്റെ വളർച്ചയിൽ ആ സമൂഹത്തിന് ലഭിക്കുന്ന വിദ്യാഭാസത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്. സമൂഹം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പ്രതികരിക്കുന്നതും അവർക്ക് ലഭിച്ച വിദ്യാഭ്യാസത്തിന് അനുഗുണമായിട്ടായിരിക്കും. പലപ്പോഴും വിദ്യാഭ്യാസത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത് ആ സമൂഹത്തിന് മുകളിൽ അധികാരം കൈയ്യാളുന്നവരായിരിക്കും. ഇത് സമൂഹത്തിന്റെ ആവശ്യങ്ങൾ പൂരിപ്പിക്കുന്നതും അതിന്റെ വളർച്ചക്കുതകുന്നതും ആയിരിക്കണമെന്നില്ല. നേരെമറിച്ച് മേലാളവർഗ്ഗത്തിന്റെ താല്പര്യസംരക്ഷണത്തിനുതകുന്നതായിരിക്കും. 

     എന്നാൽ ചിലപ്പോൾ ഇതിന് ബദലായുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങൾ തികച്ചും അനൌപചാരികമായ രീതിയിൽ പരീക്ഷിക്കപ്പെടാറുണ്ട്. ഇവ നവീന ബോധന സമ്പ്രദായങ്ങൾ രൂപപ്പെടുത്തുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. ജപ്പാൻ, ഇംഗ്ലണ്ട്, ഇറ്റലി, ആസ്ട്രേലിയ തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും ഇത്തരത്തിലുള്ള സംരംഭങ്ങൾ രൂപപ്പെടുകയുണ്ടായിട്ടുണ്ട്. ജനാധിപത്യ വിദ്യാഭ്യാസ പ്രകൃയയെ കുറിച്ചും കുട്ടികളുടെ അവകാശത്തെ കുറിച്ചും വളരെ ഗൌരവമായി ചിന്തിച്ച വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇത്തരം സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്. ഇവയുടെ ഉല്പന്നങ്ങളായി ചില പുസ്തകങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. ദിവാസ്വപ്നം, ടോട്ടോച്ചാൻ, The teacher, Letter to a Teacher തുടങ്ങിയവ ഇവയിൽ ചിലതാണ്. ഈ കൂട്ടത്തിൽ പെടുത്താവുന്ന ഒരു പുസ്തകമാണ് കെ.ടി.മാർഗരറ്റിന്റെ Open Classroom.

     ബാംഗ്ലൂരിനടുത്ത് തിലക്നഗർ കോളനിയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഈ പുസ്തകരചനക്കാധാരം. കുറെ സിദ്ധാന്തങ്ങളും ഉദ്ധരണികളും പഠിച്ച് സമൂഹത്തിലേക്കിറങ്ങിയ ഒരു അദ്ധ്യാപികയുടെ ബുദ്ധിമുട്ടേറിയ അനുഭവങ്ങളുടെ ഒരു സഞ്ചയം കൂടിയാണിത്. "I was only part of at larger movement of people who were searching for answers to the problems of education in a deeply devided and unequal society" എന്ന തിരിച്ചറിവാണ് ഇത്രയും പ്രയാസമേറിയ ഒരു പ്രവർത്തനം ഏറ്റെടുക്കന്നതിന് അവരെ പ്രാപ്തയാക്കിയത്. 

     വിദ്യാഭ്യാസത്തെ കുറിച്ച് നിലവിലുള്ള സങ്കല്പങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. "What kind of education do we want for our children? Should we educate our children to recognise their true selves? Or is it enough to teach them to be well-behaved and self-reliant and capable of achieving worldly success?"

     ഈ ചോദ്യങ്ങൾ ആദ്യ അദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങളിൽ നിന്ന് ശരിയായ ഉത്തരങ്ങളിലേക്കുള്ള യാത്രയാണ് മാർഗരറ്റിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ. ഈ യാത്രയിൽ അവർ വഴിയും പരിസരവും സശ്രദ്ധം നിരീക്ഷിക്കുകയും നിസ്സാരങ്ങൾ എന്നു തോന്നുന്നവ പോലും സൂക്ഷ്മതയോടും കൃത്യതയോടും കൂടി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ സവിശേഷതയാണ് നിലവിലുള്ള ബോധനരീതികളുടെ പോരായ്മകളെ കുറിച്ച് അവരെ ബോധവതിയാക്കുന്നതും പുതിയ ബോധന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന് അവരെ സഹായിക്കുന്നതും.

     പ്രായോഗികമായി പ്രശ്നങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ വിദ്യാഭ്യാസത്തെ കുറിച്ചുള്ള സൈദ്ധാന്തിക ഗ്രന്ഥങ്ങൾ തന്നെ സഹായിച്ചിട്ടുള്ളതായി അവർ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ അദ്ധ്യാപകരിൽ എത്ര പേരുടെ ലൈബ്രറികളിൽ തങ്ങളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട (വിഷയമേഖലയല്ല) വൈജ്ഞാനിക ഗ്രന്ഥങ്ങൾ കാണും? എത്ര പേർ തങ്ങൾ നേരിട്ട പ്രശ്നങ്ങൾ രേഖപ്പെടുത്തുകയും സമാന മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ചർച്ച ചെയ്യാറുമുണ്ട്? ഈ രംഗത്ത് കൂടുതൽ പ്രവർത്തന പരിചയമുള്ള നദിയ ഒ പന്തുമായി നടത്തിയ ചർച്ചകൾ തന്നെ ഏറെ സഹായിച്ചിരുന്നതായി മാർഗരറ്റ് പറയുന്നുണ്ട്. 

     "Education is the discovery of a person's true self, enabling him or her to develop the inherent qualities of mind, body and spirit, and to use these abilities effectively in the outer world" എന്ന് വിദ്യാഭ്യാസത്തെ നിർവചിച്ച ശേഷം നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം ഇത്തരത്തിലുള്ളതാണോ എന്ന് പരിശോധിക്കുന്നുമുണ്ട്. 

     പ്രവർത്തനത്തിന്റെ തുടക്കമായി ആ പ്രദേശത്തിന്റെ (തിലക് നഗർ) സവിശേഷതകളും കുട്ടികളുടെ കുടുംബാന്തരീക്ഷവും അവർ സൂക്ഷമമായി പഠിക്കുന്നുണ്ട്. ഒരു പ്രദേശത്തുള്ള കുട്ടികളുടെ സ്വഭാവത്തെയും പ്രകൃതത്തെയും രൂപപ്പെടുത്തുന്നതിൽ അവർ ജീവിക്കുന്ന സമൂഹത്തിനും കുടുംബാന്തരീക്ഷത്തിനും പ്രധാനമായ പങ്കാണുള്ളത്. കുട്ടികളുടെ പ്രകൃതത്തെ മാനിക്കാതെയുള്ള ഏത് പഠനപദ്ധതിയും പരാജയപ്പെടുക തന്നെ ചെയ്യും.

     ഭാഷാ പഠനത്തിനുള്ള പുതിയ രീതികളും കളികൾക്ക് പഠനത്തിലുള്ള പ്രാധാന്യവും ക്ലാസ്സ്മുറിയിലെ സ്വാതന്ത്ര്യവും വിശദമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട രണ്ട് ആ‍ശയങ്ങളാണ് കളിയിലൂടെയുള്ള പഠനവും ക്ലാസ്സ്മുറിയിലെ സ്വാതന്ത്ര്യവും. “Freedom, I believe, is the ability to choose an activity wich will unable one to grow positively" എന്ന്  The Meaning of freedom എന്ന അദ്ധ്യായത്തിൽ പറയുന്നുണ്ട്. 


     പത്തു കൊല്ലം മുമ്പത്തെ അവസ്ഥയല്ല ഇന്ന് നമ്മുടെ സ്ക്കൂളുകളിലുള്ളത്. അവ ഭൌതികമായും അക്കാദമികമായും ഏറെ മാറിയിട്ടുണ്ട്. സ്ക്കൂളുകൾ ഇന്ന് ചലനാത്മകമാണ്. ഇന്ന് ഞാനെന്റെ നാട്ടിലെ സ്ക്കൂളിലെ മികവ് ഉത്സവത്തിൽ പങ്കെടുത്തിരുന്നു. കുട്ടികളുടെ പഠന മികവ് രക്ഷിതാക്കളെ നേരിട്ട് ബോദ്ധ്യപ്പെടുത്തുന്ന അദ്ധ്യാപകരാണ് ഇന്നത്തെ സ്ക്കൂളുകളിൽ ഉള്ളത്. കുട്ടിക്ക് വളരെയേറെ പ്രാധാന്യം കൊടുക്കുന്ന ക്ലാസ്സ്മുറികൾ. ബോധന പ്രകൃയയിൽ സമൂലമായ മാറ്റം വന്നിരിക്കുന്നു. എങ്കിലും പഴയ ബിഹേവിയറിസ്റ്റ് പ്രേതം നമ്മുടെ ക്ലാസ്സ്മുറികളുടെ മൂലകളിലെവിടെയൊക്കെയൊ പതുങ്ങി നില്പില്ലേ എന്നൊരു സംശയം. ഒരു പക്ഷെ എന്നിലെ സന്ദേഹിയുടെ തോന്നലായിരിക്കാം. ഇന്നു തന്നെയാണ് കലാധരൻ മാഷുടെ ബ്ലോഗിൽ അമേരിക്കയിലെ ഒരു സ്ക്കൂളിനെ കുറിച്ചും ഞാൻ വായിച്ചത്. ക്ലാസ്സിൽ തന്നെ അടുക്കള തുടങ്ങിയ കോർണറുകൾ ഉണ്ടാക്കി കുട്ടികൾക്ക് യഥാർത്ഥ അനുഭവങ്ങൾ നൽകിക്കൊണ്ടുള്ള പഠനപ്രവർത്തനങ്ങളാണ് അവിടെ നടക്കുന്നത്. ഇങ്ങനെയൊരു മാറ്റം ഇനിയും നമുക്ക് ഉണ്ടായിട്ടില്ലല്ലോ. വിദ്യാലയവും അതുൾക്കൊള്ളുന്ന സമൂഹവും തമ്മിൽ ഇഴപിരിക്കാനാവാത്ത ഒരു ബന്ധം ഉണ്ടാക്കിയെടുക്കേണ്ടതല്ലേ? ഇതെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ നമ്മുടെ രക്ഷാകർതൃ സമൂഹവും അദ്ധ്യാപകസമൂഹവും മാറിയിട്ടുണ്ടൊ? മറ്റു പല വികസ്വരരാജ്യങ്ങളിലേയും പോലെ സമഗ്രമായ രക്ഷാകർതൃവിദ്യാ‍ഭ്യാസം നൽകാൻ കഴിയേണ്ടതല്ലേ? സന്ദേഹങ്ങൾ ബാക്കിയാണ്. എന്നാലും കഴിഞ്ഞ 15 വർഷങ്ങൾക്കിടയിലുണ്ടായ മാറ്റങ്ങളെ നിസ്സാരമായി കാണാൻ കഴിയില്ല.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യുക

മുല്ലപ്പെരിയാറിനെ കറിച്ച് ഇപ്പോൾ പറഞ്ഞു കേൾക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അവിടുത്തെ അവസ്ഥ വളരെ ഭീതിതമാണ്. ഇവിടെ 'ശരിയാണെങ്കിൽ' എന്ന പദം ഞാൻ പ്രയോഗിച്ചത് മനപ്പൂർവ്വമാണ്. ഒരു നിർമ്മിതവസ്തുവിന്റെ ആയുസ്സ് തീരുമാനിക്കുന്നത് ചില മുൻകരുതലുകൾക്കു വേണ്ടി കൂടിയാണ്. ആ വസ്തു, നിശ്ചിതകാലാവധിക്കു ശേഷം നിലനിൽക്കുന്നത് മനുഷ്യനോ പ്രകൃതിക്കോ അപകടം വരുത്തുന്ന ഒന്നാണെങ്കിൽ അത് തുടർന്നും നിലനിൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഈ മുൻകരുതലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ടവരുടെ പ്രസ്താവനകളിൽ നിന്നും മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഡാം ഇപ്പോൾ വളരെ അപകടകരമായ അവസ്ഥയിലാണ് എന്നു തന്നെയാണ്. എന്നിട്ടും എന്തിനു വേണ്ടിയാണ് കേരളം പുതിയ അണക്കെട്ടിനു വേണ്ടി വാശി പിടിക്കുന്നത്? പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം മാത്രം പണിതീർന്നേക്കാവുന്ന ഒരു അണക്കെട്ടു വരുന്നതു വരേക്കും ഇപ്പോഴുള്ളത് നിലനിൽക്കുമെന്ന് ഇവർക്കുറപ്പുണ്ടോ? എങ്കിൽ തമിഴ്‌നാട്ടുകാർ പറയുന്നത് അംഗീകരിച്ചു കൊടുക്കുക തന്നെയല്ലേ നമ്മളും ചെയ്യുന്നത്? ഇത്രയും കാലം കൂടി നിലനിൽക്കും എന്ന് ഉറപ്പുള്ള ഒന്നിന്റെ പേരിൽ എന്തിനാണ് ആ...

സ്വാശ്രയമലമക്കാവ് അഥവാ സൈബർസർഗ്ഗാത്മകത

ജൂൺ അഞ്ചാം തിയ്യതി ഡോ.കൃഷ്ണദാസ് പത്തിയിൽ ഫെയ്സ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിന്നാണ് സ്വാശ്രയമലമൽക്കാവ് എന്ന ആശയം മുളപൊട്ടുന്നത്. വളരെ പെട്ടെന്നു തന്നെ അതിന്റെ തുടർപ്രവർത്തനങ്ങൾ തുടങ്ങുകയും വിശദമായ സാമൂഹ്യ-സാമ്പത്തിക സർവ്വേ വരെ കാര്യങ്ങൾ എത്തി നിൽക്കുകയും ചെയ്തിരിക്കുന്നു.  ഒരു സൈബർ ഇടം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ ഒരു പൊതു ഇടം തന്നെയാണ്. ഇതിൽ ചർച്ച ചെയ്യുന്നത് സാമൂഹ്യമായ കാര്യങ്ങൾ ആയിരിക്കുകയും ചെയ്യും. ഇതിന്റെ സ്ഥലപരമായ പരിമിതി (അഥവാ വിശാലത) മൂലം പ്രവർത്യുന്മുഖമായ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത് പലപ്പോഴും അസാദ്ധ്യമാവുകയും ചെയ്യാറുണ്ട്. കോഴിക്കോട് ഒരാൾക്ക് വീടുവെച്ചുകൊടുത്തതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ പോലും. ഇതിനിടയിലാണ് തൃത്താല നിയോജകമണ്ഡത്തിന്റെ പരിധിയിൽ വരുന്നവർ മാത്രമടങ്ങുന്ന ഫെയ്സ്ബുക് കൂട്ടായ്മ-- തൃത്താലപ്പെരുമ -- പുതിയ സാദ്ധ്യത കണ്ടെത്തുന്നത്. നാട്ടിലുള്ളവരും ഇല്ലാത്തവരും അവർക്കു സാധിക്കുന്ന രീതിയിൽ ഇതിൽ ഇടപെടുന്നു--സഹകരിക്കുന്നു എന്ന വാക്ക് ഞാൻ ബോധപൂർവ്വം ഒഴിവാക്കുന്നു. സത്യത്തിൽ ഇത്തരമൊരു ആശയം അത്ര പുതുമയുള്ളതൊന്നുമല്ല. അമ്പലപ്പുഴയില്‍ പങ്കജാക്ഷക്കു...