ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സിന്ധു ജോയി ഉയർത്തുന്ന ചോദ്യങ്ങൾ





     ആദ്യം തലക്കെട്ടിനെ ഒന്നു വിശദീകരിക്കാം. ഇതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത് സിന്ധു ജോയി പത്രക്കാരോട് ചോദിച്ച ചോദ്യങ്ങളല്ല. സിന്ധു ജോയി പ്രശ്നം എന്റെ മനസ്സിലുയർത്തിയ ചോദ്യങ്ങളാണ്. നിരവധി നാളായി മാർക്സിസ്റ്റുപാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണ് സിന്ധു. പുറത്തു പോകുന്നതു വരെയും ഇതിനെ കുറിച്ചുള്ള എന്തെങ്കിലും സൂചനകൾ പുറത്തുവന്നിരുന്നതുമില്ല. തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിനനുകൂലമാകുമെന്ന് അവർ കരുതുന്ന വേളയിലാണ് അവർ പുറത്തു പോകുന്നത്. അവർക്കുണ്ടായിരുന്ന ഏകപരാതി അർഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്നതു മാത്രമായിരുന്നു. ചെന്നു കയറിയത് കോൺഗ്രസ്സിനകത്തേക്കും.


     സിന്ധു ജോയി പാർട്ടി തന്നെ പരിഗണിക്കാത്തതു കൊണ്ടാണ് അതിൽ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നത് എന്നാണ് പറയുന്നത്. ഇത്രയും ഉയർന്ന പദവിയിലിരുന്നിട്ടു പോലും സ്വന്തം പരിഗണനയാണ് പ്രധാനം എന്ന വിചാരത്തിലേക്ക് എങ്ങനെ അവർ എത്തിപ്പെട്ടു? സ്ഥാനങ്ങളല്ല താൻ ആവശ്യപ്പെട്ടത് എന്നും പ്രവർത്തിക്കാനുള്ള അവസരങ്ങളാണ് എന്നും അവർ വിശദീകരിക്കുന്നുണ്ട്. തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് ഈ ഇറങ്ങിപ്പോക്കിനു പിന്നിലെന്നു വ്യക്തം. ഇവിടെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഒരാൾ ഇറങ്ങിപ്പോരുമ്പോൾ ഇങ്ങനെയാണോ പോരേണ്ടത് എന്ന ഒരു സംശയം എനിക്കുണ്ടായത്. മുൻകാലങ്ങളിലും പല പ്രഗൽഭരും കമ്മ്യൂണിസ്റ്റു പാർട്ടികളിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. പക്ഷെ അവർക്കെല്ലാം ആശയപരമായ ചില ചോദ്യങ്ങളുയർത്തുവാൻ കഴിഞ്ഞിരുന്നു. സിന്ധു ജോയിക്ക് അതിന് കഴിയുന്നില്ല. അബ്ദുള്ളക്കുട്ടിക്കും ഇതിനു കഴിഞ്ഞിരുന്നില്ല. അല്ലെങ്കിൽ ആശയപരമായ പ്രശ്നങ്ങളല്ല അവരെ പാർട്ടിയിൽ നിന്നകറ്റിയത്.


     കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട് എന്ന് എല്ലാവർക്കുമറിയാം. പ്രത്യയശാസ്ത്രപരമായ കാര്യങ്ങളിൽ തന്നെ. അപ്പോൾ എങ്ങനെയാണ് കമ്യൂണിസ്റ്റുപാർട്ടിയിൽ നിന്നുമിറങ്ങി വളരെ എളുപ്പത്തിൽ കോൺഗ്രസ്സിലേക്കു ചെന്നു കയറാൻ കഴിയുന്നത്? അതായത് പ്രത്യയശാസ്ത്രപരമായി യാതൊരു ഭാരവും ഇല്ലായിരുന്നു എന്നു കരുതേണ്ടി വരും. ഇപ്പോൾ ഇല്ലാത്ത ഭാരം കുറച്ചു മുമ്പ് ഉണ്ടായിരുന്നു എന്നു വിചാരിക്കുന്നതും അത്ര എളുപ്പമല്ല. അങ്ങനെയൊന്നുണ്ടായിരുന്നുവെങ്കിൽ പാർട്ടിയിൽ നിന്ന് ഇറങ്ങിപ്പോന്നാൽ പോലും ഇത്ര എളുപ്പത്തിൽ കോൺഗ്രസ്സിലേക്ക് ചെന്നു കയറാൻ കഴിയില്ലായിരുന്നു. ഇത്രയും കഴിവും വിദ്യാഭ്യാസവും ഉള്ള ഒരാൾക്ക്  തന്റെ ഇടതുപക്ഷമനസ്സു വെച്ചുകൊണ്ടു തന്നെ  പൊതുപ്രവർത്തനത്തിനുള്ള ഇടം കണ്ടെത്താൻ കഴിയുമായിരുന്നു. അപ്പോൾ ഇത്രയും കാലം പാർട്ടിയിൽ പ്രവർത്തിക്കുകയും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുകയും ചെയ്തിട്ടുള്ള ഒരാൾക്കു പോലും ശരിയായ രീതിയിലുള്ള പ്രത്യയശാസ്ത്രാവബോധം നൽകുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നു തന്നെ പറയേണ്ടി വരും. 


     രാഘവനും ഗൗരിയമ്മയും വരെയുള്ളവർ പാർട്ടിയിൽ നിന്നു വിട്ടു പോയപ്പോഴെല്ലാം അവരോടൊപ്പം ചെറുതെങ്കിലും ഒരു സംഘവും ഉണ്ടായിരുന്നു. അബ്ദുള്ളക്കുട്ടിയും സിന്ധുവും പോകുമ്പോൾ അവർ ഒറ്റക്കേ ഉള്ളു. കാരണം ആദ്യകാലങ്ങളിൽ വിട്ടു പോയവർക്ക് ആശയപരമായ പ്രശ്നങ്ങൾ ഉന്നയിക്കുവാൻ കഴിഞ്ഞിരുന്നു, അവർക്കതിന്റെ പിന്തുണയുമുണ്ടായിരുന്നു. അവർ പുറത്തു പോകുമ്പോൾ പോലും പാർട്ടിക്ക് അഭിമാനിക്കാമായിരുന്നു. അവരെ അതിന്  ശേഷിയുള്ളവരാക്കിയത് പാർട്ടിയാണ്  എന്ന കാര്യത്തിൽ. സിന്ധുവിന്റെ കാര്യത്തിൽ അതിനു പോലും  കഴിയില്ല. മാത്രമല്ല ഇതൊരു കഴിവുകേടായി കാണേണ്ടി വരികയും ചെയ്യും. ഇവരെ ആശയപരമായി ആയുധമണിയിക്കുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് പാർട്ടി കാണിച്ചത് എന്നും പറയാം.


       ഇത് സിന്ധുവിന്റെയും അബ്ദുള്ളക്കുട്ടിയുടെയും മാത്രം പ്രശ്നമായി കാണാൻ കഴിയില്ല. പാർട്ടിക്കകത്തെ പുതു തലമുറയുടെ പ്രതിനിധികളായി മാത്രമേ ഇവരെ കണാൻ കഴിയൂ. ഈ തലമുറ അനുഭവിക്കുന്ന പ്രത്യയശാസ്ത്ര ദാരിദ്ര്യം എത്രത്തോളം വലുതാണ് എന്ന് സിന്ധുവിന്റെയും അബ്ദുള്ളക്കുട്ടിയുടെയും പ്രസ്താവനകളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും വായിച്ചെടുക്കാം. പാർട്ടി വിദ്യാഭ്യാസത്തിന് കാതലായ മാറ്റങ്ങൾ വരുത്തുകയും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യേണ്ടതുണ്ട് എന്നാണ് ഇത് കാണിക്കുന്നത്. പാർട്ടി ക്ലാസ്സുകളിൽ സമകാലിക രാഷ്ട്രീയത്തിലെ അഴിമതിയെ കുറിച്ചും തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനെ കുറിച്ചും മാത്രം പറഞ്ഞാൽ പോരാ. മനോരമ വായിച്ച് രാഷ്ട്രീയം പറയുന്ന കമ്യൂണിസ്റ്റുകാരുടെ എണ്ണം വളരെ കൂടുതലാണ് എന്നും കാണേണ്ടതുണ്ട് - താഴെത്തലങ്ങളിലെങ്കിലും.


      ഇടതുപക്ഷമനസ്സായിരുന്നു ഒരു കാലത്ത് മലയാളിയുടെ സ്വത്വം. ഏതു പാർട്ടിയിൽ പെട്ടവരായിരുന്നാലും അവർക്കെല്ലാം ഒരു ഇടതുപക്ഷമനസ്സ് ഉണ്ടായിരുന്നു. ഏറ്റക്കുറച്ചിലോടെയാണെങ്കിലും. അതുണ്ടാക്കിയെടുക്കുന്നതിൽ കമ്യൂണിസ്റ്റുകാർക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതും ആയിരുന്നു. അതു തന്നെയായിരുന്നു കേരളത്തെ പ്രതിലോമശക്തികളിൽ നിന്നകറ്റിനിർത്തിയിരുന്നതും. ഈ മനസ്സാണ് ഇപ്പോൾ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. 

അഭിപ്രായങ്ങള്‍

  1. പഠിപ്പിച്ചാലും ഈ കൂട്ടിയെപോലെയുള്ളവർക്ക് ഒരു പ്രത്യയ ശാസ്ത്രവും മനസിലാകുമായിരുന്നു എന്ന് തോന്നുന്നില്ല; എത്ര വിദ്യാഭ്യാസമുണ്ടായാലും!
    http://easajim.blogspot.com/2011/03/blog-post_24.html

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യുക

മുല്ലപ്പെരിയാറിനെ കറിച്ച് ഇപ്പോൾ പറഞ്ഞു കേൾക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അവിടുത്തെ അവസ്ഥ വളരെ ഭീതിതമാണ്. ഇവിടെ 'ശരിയാണെങ്കിൽ' എന്ന പദം ഞാൻ പ്രയോഗിച്ചത് മനപ്പൂർവ്വമാണ്. ഒരു നിർമ്മിതവസ്തുവിന്റെ ആയുസ്സ് തീരുമാനിക്കുന്നത് ചില മുൻകരുതലുകൾക്കു വേണ്ടി കൂടിയാണ്. ആ വസ്തു, നിശ്ചിതകാലാവധിക്കു ശേഷം നിലനിൽക്കുന്നത് മനുഷ്യനോ പ്രകൃതിക്കോ അപകടം വരുത്തുന്ന ഒന്നാണെങ്കിൽ അത് തുടർന്നും നിലനിൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഈ മുൻകരുതലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ടവരുടെ പ്രസ്താവനകളിൽ നിന്നും മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഡാം ഇപ്പോൾ വളരെ അപകടകരമായ അവസ്ഥയിലാണ് എന്നു തന്നെയാണ്. എന്നിട്ടും എന്തിനു വേണ്ടിയാണ് കേരളം പുതിയ അണക്കെട്ടിനു വേണ്ടി വാശി പിടിക്കുന്നത്? പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം മാത്രം പണിതീർന്നേക്കാവുന്ന ഒരു അണക്കെട്ടു വരുന്നതു വരേക്കും ഇപ്പോഴുള്ളത് നിലനിൽക്കുമെന്ന് ഇവർക്കുറപ്പുണ്ടോ? എങ്കിൽ തമിഴ്‌നാട്ടുകാർ പറയുന്നത് അംഗീകരിച്ചു കൊടുക്കുക തന്നെയല്ലേ നമ്മളും ചെയ്യുന്നത്? ഇത്രയും കാലം കൂടി നിലനിൽക്കും എന്ന് ഉറപ്പുള്ള ഒന്നിന്റെ പേരിൽ എന്തിനാണ് ആ...

സ്വാശ്രയമലമക്കാവ് അഥവാ സൈബർസർഗ്ഗാത്മകത

ജൂൺ അഞ്ചാം തിയ്യതി ഡോ.കൃഷ്ണദാസ് പത്തിയിൽ ഫെയ്സ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിന്നാണ് സ്വാശ്രയമലമൽക്കാവ് എന്ന ആശയം മുളപൊട്ടുന്നത്. വളരെ പെട്ടെന്നു തന്നെ അതിന്റെ തുടർപ്രവർത്തനങ്ങൾ തുടങ്ങുകയും വിശദമായ സാമൂഹ്യ-സാമ്പത്തിക സർവ്വേ വരെ കാര്യങ്ങൾ എത്തി നിൽക്കുകയും ചെയ്തിരിക്കുന്നു.  ഒരു സൈബർ ഇടം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ ഒരു പൊതു ഇടം തന്നെയാണ്. ഇതിൽ ചർച്ച ചെയ്യുന്നത് സാമൂഹ്യമായ കാര്യങ്ങൾ ആയിരിക്കുകയും ചെയ്യും. ഇതിന്റെ സ്ഥലപരമായ പരിമിതി (അഥവാ വിശാലത) മൂലം പ്രവർത്യുന്മുഖമായ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത് പലപ്പോഴും അസാദ്ധ്യമാവുകയും ചെയ്യാറുണ്ട്. കോഴിക്കോട് ഒരാൾക്ക് വീടുവെച്ചുകൊടുത്തതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ പോലും. ഇതിനിടയിലാണ് തൃത്താല നിയോജകമണ്ഡത്തിന്റെ പരിധിയിൽ വരുന്നവർ മാത്രമടങ്ങുന്ന ഫെയ്സ്ബുക് കൂട്ടായ്മ-- തൃത്താലപ്പെരുമ -- പുതിയ സാദ്ധ്യത കണ്ടെത്തുന്നത്. നാട്ടിലുള്ളവരും ഇല്ലാത്തവരും അവർക്കു സാധിക്കുന്ന രീതിയിൽ ഇതിൽ ഇടപെടുന്നു--സഹകരിക്കുന്നു എന്ന വാക്ക് ഞാൻ ബോധപൂർവ്വം ഒഴിവാക്കുന്നു. സത്യത്തിൽ ഇത്തരമൊരു ആശയം അത്ര പുതുമയുള്ളതൊന്നുമല്ല. അമ്പലപ്പുഴയില്‍ പങ്കജാക്ഷക്കു...