ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നമ്മുടെ ഭരണഘടന

ഇന്ത്യൻ ഭരണഘടന ലോകത്ത് എഴുതപ്പെട്ട ഭരണഘടനകളിൽ ഏറ്റവും വലുതാണ്. 22 ഭാഗങ്ങളിലായി 395 അനുഛേദങ്ങൾ ഇന്ത്യൻ ഭരണഘടനയിലുണ്ട്. കൂടാതെ 12 പട്ടികകളുമുണ്ട്. 124 ഭേദഗതികളാണ് ഇന്ത്യൻ ഭരണഘടനക്ക് ഇതുവരെ ഉണ്ടായിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ ഭേദഗതികൾ ഉണ്ടായിട്ടുള്ള ഭരണഘടനയും ഇന്ത്യയുടേതാണ്. ഇംഗ്ലീഷ് പതിപ്പിൽ 1,46,385 വാക്കുകളാണ് ഉള്ളത് എന്നാണ് കണക്കാക്കിയിട്ടുള്ളത്.

കൈ കൊണ്ട് എഴുതപ്പെട്ട ഒരു ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന പ്രത്യേകതയും ഇന്ത്യൻ ഭരണഘടനക്കുണ്ട്. പ്രേം ബിഹാരി നാരായൺ റയ്സാദ എന്നാണ് ആ കൈയ്യക്ഷരത്തിന്റെ ഉടമയുടെ പേര്. ദൽഹിയിലെ പരമ്പരാഗതമായി കൈയ്യെഴുത്തു വിദ്യയിൽ വിദഗ്ദ്ധരായ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചു. പിന്നീട് മുത്തച്ഛനും അമ്മാവനും കൂടിയാണ് വളർത്തിയത്. മുത്തച്ഛനായ റാം പർഷാദ്ജി സക്സേനയിൽ നിന്നാണ് പ്രേം ബിഹാരി മനോഹരമായി എഴുതുന്ന വിദ്യ (കാലിഗ്രാഫി) പഠിച്ചത്. ദൽഹിയിലെ സെന്റ് സ്റ്റീഫൻ'സ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയപ്പോഴേക്കും കാലിഗ്രാഫിയിൽ അദ്ദേഹം അസാമാന്യ പ്രതിഭയായി കഴിഞ്ഞിരുന്നു.

ഭരണഘടനയുടെ ഡ്രാഫ്റ്റ് തയ്യാറായിക്കഴിഞ്ഞപ്പോൾ ജവഹർലാൽ നെഹറു പ്രേം ബിഹാരി റെയ്സാദയെ സമീപിച്ച് ഇന്ത്യൻ ഭരണഘടന ഭംഗിയുള്ള ചെരിഞ്ഞ അക്ഷരങ്ങളാൽ എഴുതി തയ്യാറാക്കിത്തരാമോ എന്നു ചോദിച്ചു. അതിന് അദ്ദേഹം ആഗ്രഹിക്കുന്ന പ്രതിഫലം എത്രയാണ് എന്നും ചോദിച്ചു. റെയ്സാദ ഭരണഘടന എഴുതാൻ തയ്യാറായി. എന്നാൽ പ്രതിഫലമായി ഒരു ചില്ലി പൈസ പോലും തനിക്കു വേണ്ട എന്നു പറഞ്ഞു. എന്നാൽ ഓരോ പേജിലും അവസാനം തന്റെ പേര് എഴുതാനും അവസാന പേജിൽ മുത്തച്ഛന്റെ പേരിനോടു കൂടി തന്റെ പേര് എഴുതാനും ഉള്ള അനുവാദം തന്നാൽ മതി എന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഈ ആഗ്രഹം അനുവദിക്കപ്പെടുകയും ചെയ്തു.

പ്രേം ബിഹാരി നാരായൺ റയ്സാദക്ക് എഴുതാനായി ഒരു മുറി അനുവദിച്ചു. ആറു മാസം കൊണ്ട് അദ്ദേഹം 251 പേജുകളിലായി ഭരണഘടന എഴുതി പൂർത്തീകരിച്ചു. 16X25 സൈസിലുള്ള കടലാസ്സുകൾ ആണ് ഇതിനായി ഉപയോഗിച്ചത്. എഴുതിക്കഴി
ഞ്ഞപ്പോൾ ഇതിന്റെ ഭാരം 3.75 കി.ഗ്രാം ആയിരുന്നു. ഇതിലാണ് 1950 ജനുവരി 24ന് ഭരണഘടനാ സഭയിലെ അംഗങ്ങൾ ഒപ്പു വെച്ചത്. 26ന് ഇത് നിലവിൽ വരികയും ചെയ്തു.

മരം കൊണ്ടുള്ള ഹോൾഡറിൽ ഉറപ്പിച്ച് മഷിയിൽ മുക്കി എഴുതുന്ന നിബുകൾ ഉപയോഗിച്ചാണ് റയ്സാദ ഈ മഹാകൃത്യം നിർവ്വഹിച്ചത്. 303 നിബുകളാണ് ഇതിനായി അദ്ദേഹം ഉപയോഗിച്ചത്.

ഭരണഘടനയുടെ ഈ ഒറിജിനൽ പതിപ്പ് പാർലമെന്റ് ലൈബ്രറിയിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. ഇതിന്റെ ലിത്തോഗ്രാഫി പതിപ്പ് സർവ്വേ ഓഫ് ഇന്ത്യയുടെ ഡെഹ്റാഡൂണിലുള്ള ഓഫീസിലും സൂക്ഷിച്ചിരിക്കുന്നു.

ഒരു സചിത്ര ഭരണഘടനയാണ് എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ മറ്റൊരു പ്രത്യേകത. ഇന്ത്യയുടെ ചരിത്രവും പൈതൃകവും പങ്കുവെക്കുന്നതാവണം ഇന്ത്യൻ ഭരണഘടനയുടെ താളുകൾ എന്ന് ഭരണഘടനാസഭയിലെ അംഗങ്ങൾ തീരുമാനിച്ചു. ഈ ജോലി നിർവ്വഹിക്കുന്നതിന് അവർ തെരഞ്ഞെടുത്തത് അന്നത്തെ പ്രസിദ്ധ ചിത്രകാരനായിരുന്ന നന്ദലാൽ ബോസിനെയായിരുന്നു.

ബീഹാറിലെ ഖരാഗ്പൂരിലാണ് 1882 ഡിസംബർ 3ന് നന്ദലാൽ ബോസ് ജനിച്ചത്. ബംഗാൾ സ്ക്കൂളിന്റെ പുനരുദ്ധാരണപ്രസ്ഥാനത്തിലെ രണ്ടാം ഘട്ടത്തിലെ കലാകാരന്മാരിൽ ഏറ്റവും പ്രമുഖൻ എന്നാണ് പ്രസിദ്ധ കലാനിരൂപകനായ വിജയകുമാർ മേനോൻ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അജന്താ ചുമർചിത്ര ശൈലിയായിരുന്നു അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നത്. ചൈനയിലെ ബാഗ് ചുമർചിത്രരീതിയും അദ്ദേഹത്തെ ആകർഷിച്ചിരുന്നു. ജീവിതയാഥാർത്ഥ്യങ്ങളെയും ചുറ്റുപാടുകളെയും നിരീക്ഷിച്ച് അതിൽ നിന്നും നേടിയെടുത്ത രൂപബോധമായിരുന്നു ബോസിന്റെ ചിത്രരചനയുടെ അടിത്തറ.

1930ൽ ഗാന്ധിയുടെ ദണ്ഡിയാത്ര എന്ന ചിത്രം വരച്ചെങ്കിലും ഗാന്ധിയെ ബോസ് നേരിട്ടു കാണുന്
നതും പരിചയപ്പെടുന്നതും 1935ലാണ്. കോൺഗ്രസ്സിന്റെ ലക്നോ സമ്മേളപ്പന്തൽ അലങ്കരിക്കുന്നതിനും ചിത്രങ്ങളൊരുക്കുന്നതിനും ഗാന്ധിജി ബോസിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇൻഡോർ, ഫൈസ്‍പൂർ, ഹരിപുര സമ്മേളനങ്ങളിലും കലാസൃഷ്ടികളും ഇൻസ്റ്റലേഷനുകളും തയ്യാറാക്കിയത് നന്ദലാൽ ബോസിന്റെ നേതൃത്വത്തിലായിരുന്നു. ഇതിൽ ഹരിപുര പോസ്റ്ററുകൾ ബോസിന്റെ ചിത്രകലാ ജീവിതത്തിൽ പ്രത്യേകം പരാമർശിക്കപ്പെടുന്നവയായി മാറി.

ഭരണഘടനയുടെ ഓരോ അദ്ധ്യായവും തുടങ്ങുന്ന താളുകളിൽ 22 ചിത്രങ്ങളാണ് അദ്ദേഹം രൂപകല്പന ചെയ്തത്. കൂടാതെ താളുകളുടെ അരികുകളും പുറംചട്ടകളും മനോഹരമായ വരകളാൽ അനങ്കരിച്ചു. ഇന്ത്യയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും പ്രതിനിധാനം ചെയ്യുന്നവയായിരുന്നു ഈ ചിത്രങ്ങൾ. ഇവ കാലാനുക്രമത്തിൽ വിന്യസിച്ചു. ഈ ചിത്രങ്ങൾ വരക്കുന്നതിന് ശാന്തിനികേതനിലെ തന്റെ ശിഷ്യന്മാരുടെ ഒരു സംഘത്തെയാണ് അദ്ദേഹം ഏൽപിച്ചത്. വിശ്വരൂപ്, ഗൗരി, യമുന, പെരുമാൾ, കൃപാൽ സിംഗ് തുടങ്ങിയവ
രായിരുന്നു ഇവ രചിച്ചത്. ആമുഖ പേജ് മനോഹരമാക്കിയത് ബോഹർ രാംമനോഹർ സിൻഹയും ദേശീയ ചിഹ്നം വരച്ചത് ദിനനാഥ് ഭാർഗവയുമാണ്.

ഒന്നാം ഭാഗത്തിന്റെ ആദ്യപേജ് തുടങ്ങുന്നത് സിന്ധു നദീതടമുദ്രകളിൽ ഒന്നായ കാളയുടെ രൂപം ചിത്രീകരിച്ചുകൊണ്ടാണ്. പൗരത്വം രണ്ടാം ഭാഗം തുടങ്ങുന്നത് വൈദികകാലത്തെ ഒരു ഗുരുകുലത്തിന്റ ചിത്രത്തിൽ നിന്നാണ്. മൂന്നാം ഭാഗത്തിൽ രാമായണവും നാലാം ഭാഗത്തിൽ ഗീതോപദേശവും ഭാഗം അഞ്ചിൽ ബുദ്ധനെയും ശിഷ്യന്മാരെയും ആറിൽ മഹാവീരനെയും ചിത്രീകരിക്കുന്നു. തുടർന്ന് നളന്ദ, ഹനുമാൻ തുടങ്ങിയ ചിത്രീകരണങ്ങളും വരുന്നു.

ദക്ഷിണേന്ത്യയെ പ്രതിനിധീകരിക്കുന്ന ചോളശിൽപമായ നടരാജനൃത്തം, മഹാബലീപുരം ശില്പങ്ങളിലൊന്നായ അർജ്ജുനന്റെ തപസ്സ് എന്നിവയും അക്ബറുടെ സദസ്സ്, ശിവജി, ഗുരു ഗോവിന്ദ് സിംഗ്, റാണി ലക്ഷ്മിബായ്, ടിപ്പുസുൽത്താൻ, നന്ദലാൽ ബോസിന്റെ പ്രസിദ്ധ ചിത്രങ്ങളായ ഗാന്ധിജിയുടെ ദണ്ഡിയാത്ര, നവഖാലി സന്ദർശനം എന്നിവയും സ്ഥലചിത്രീകരണങ്ങളും നമ്മുടെ ഭരണഘടനയെ മനോഹരമാക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് അതിന്റെ ആമുഖം (preamble). ഭരണഘടനയുടെ ഉത്ഭവം, ഭരണകൂടത്തിന്റെ സ്വഭാവം, അതിന്റെ ലക്ഷ്യങ്ങൾ, സ്വീകരിച്ച തിയ്യതി എന്നിവയാണ് ചുരുങ്ങിയ വാക്കുകളിൽ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചു പ്രതിപാദിക്കുന്ന പരിപാടികളിൽ അതിനെ പ്രതിനിധീകരിച്ചുകൊണ്ട് ആമുഖം വായിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യുന്നത്.

1946 ഡിസംബര്‍ 13 വെള്ളിയാഴ്ച്ചയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹറു ഇതിന്റെ കരട് ഒരു പ്രമേയരൂപത്തിൽ ഭരണഘടനാ നിർമ്മാണ സഭയിൽ അവതരിപ്പിക്കുന്നത്.

"ഭാരതത്തിലെ ജനങ്ങളായ നാം" എന്നു പറഞ്ഞു കൊണ്ട് ഭരണഘടനയുടെ ആമുഖം തുടങ്ങുകയും "ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കു തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു" എന്നു പറഞ്ഞുകൊണ്ട് അവസാനിക്കുകയും ചെയ്യുന്നു. ഭരണഘടനയുടെ യഥാർത്ഥ ഉറവിടം ഇവിടത്തെ ജനങ്ങൾ തന്നെയാണ് എന്നും അതിൽ ബാഹ്യ ഇടപെടൽ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നുമുള്ള ആശയമാണ് ഇവിടെ വ്യക്തമാകുന്നത്. ജനകീയ പരമാധികാരത്തെ കുറിച്ച് റൂസോ മുന്നോട്ടു വെച്ച ആശയമാണ് "എല്ലാ അധികാരങ്ങളും ജനങ്ങളിൽ നിന്നും ഉത്ഭവിക്കുന്നതും രാഷ്ട്രീയസംവിധാനങ്ങളെല്ലാം തന്നെ ജനങ്ങളോട് ഉത്തരവാദിത്വമുള്ളവയും മറുപടി പറയാൻ ബാദ്ധ്യതയുള്ളവയുമാണ്" എന്നത്.

“പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്" എന്ന് തുടക്കത്തിൽ തന്നെ ഭരണകൂടത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്നു.
* "പരമാധികാരം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങൾക്കുപരിയായി ബാഹ്യമോ ആന്തരികമോ ആയ യാതൊരു ശക്തികളുടെയും ഇടപെടലുകളെ അനുവദിക്കില്ല എന്നാണ്. ജനങ്ങളാൽ തെരഞ്ഞടുക്കപ്പെടുന്നവർ ജനങ്ങൾക്കു വേണ്ടി നിയമങ്ങൾ നിർമ്മിക്കുകയും ഭരണം നടത്തുകയും ചെയ്യും. ബാഹ്യമോ ആന്തരികമോ ആയ യാതൊരു ഏകാധിപത്യത്തെയും ഇന്ത്യ അംഗീകരിക്കില്ല എന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുമ്പോൾ നെഹറു വ്യക്തമാക്കുന്നുണ്ട്. (ബ്രിട്ടൺ അതിന്റെ പുത്രികാപദവി വാഗ്ദാനം ചെയ്തിരുന്നതും നാട്ടുരാജ്യങ്ങൾ പരമാധികാരം അവകാശപ്പെട്ടതും ഓർമ്മിക്കാം. അമേരിക്കയെ പോലുള്ള രാജ്യങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചും ആഭ്യന്തരമുതലാളിമാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചും നമ്മുടെ നയങ്ങൾ പരിഷ്കരിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യാം.)
*"സ്ഥിതിസമത്വം" എന്നത് ഒരു സമ്പദ്‍വ്യവസ്ഥ എന്ന് എടുക്കുമ്പോൾ ഉൽപാദനവും വിതരണവും പൂർണ്ണമായും ഭരണകൂടത്തിന്റെ ഉടമസ്ഥതയിലാവണം. എന്നാൽ ഇന്ത്യ ഒരു മിശ്രസമ്പദ്‍വ്യവസ്ഥയാണ് അംഗീകരിച്ചത്. സോഷ്യൽ ഫിലോസഫിയിൽ സോഷ്യലിസം എന്നതിന് സാമൂഹ്യസമത്വം എന്നു നിർവ്വചിക്കാം. ഇതാണെങ്കിൽ വളരെ അവ്യക്തമായ അർത്ഥമായിരിക്കും നൽകുക. എങ്കിലും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്ന് ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
*"മതേതരത്വം" പല രാജ്യങ്ങളിലും പല അർത്ഥങ്ങളിലാണ് വ്യവഹരിക്കുന്നത്. ഇവിടെ ചിന്തക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കും ഉള്ള
സ്വാതന്ത്ര്യം എന്നു പറയുന്നുണ്ട്. ഭരണഘടനയുടെ അനുഛേദം 25 മുതൽ 28 വരെയുള്ള ഭാഗങ്ങൾ മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളെ കുറിച്ചാണു പറയുന്നത്. S. R. Bommai v. Union of India കേസിന്റെ വിധിയിൽ സുപ്രീം കോടതി മതേതരത്വം എന്ന ആശയത്തെ കൂടുതൽ വ്യക്തമാക്കുന്നുണ്ട്. എല്ലാ മതങ്ങൾക്കും തുല്യമായ പരിഗണന എന്നാണ് കോടതി നിർവചിച്ചത്. എന്നാൽ രാഷ്ട്രത്തിന്റെ കാഴ്ചപ്പാടിൽ ഒരു വ്യക്തിയുടെ മതം വിശ്വാസം എന്നിവ അപ്രധാനമാണ് അവിടെ എല്ലാവർക്കും തുല്യ പരിഗണനയാണ് ലഭിക്കേണ്ടത് എന്നും കോടതി വ്യക്തമാക്കി.
*”ജനാധിപത്യം" എന്നത് സർക്കാരിനു ലഭിച്ച അധികാരം ജനങ്ങളിൽ നിന്നും കിട്ടിയതാണ് എന്ന് ഓർമ്മപ്പെടുത്തുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളോടുള്ള ഉത്തരവാദിത്വം ഒരിക്കലും മറന്നു പോകരുത്.
*”റിപ്പബ്ലിക്കിന്റെ" നേതൃത്വം ഒരിക്കലും പരമ്പരാഗതമായി ലഭിക്കുന്നതോ ആജീവനാന്തകാലം ഉപയോഗിക്കാവുന്നതോ പദവി സ്വയം ഉപേക്ഷിക്കുമ്പോൾ മാത്രം നഷ്ടപ്പെടുന്നതോ അല്
ല. നേരിട്ടോ അല്ലാതെയോ ഒരു നിശ്ചിത കാലത്തേക്ക് ജനങ്ങളാൽ തെരഞ്ഞടുക്കപ്പെടുന്ന ഒരാളായിരിക്കും റിപ്പബ്ലിക്കിന്റെ നേതൃത്വം വഹിക്കുക. ഇന്ത്യയുടെ രാഷ്ട്രപതിയെ ജനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജാണ് തെരഞ്ഞെടുക്കുക. കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്തിയിട്ടുമുണ്ട്.

നീതി (സാമൂഹ്യം, സാമ്പത്തികം, രാഷ്ട്രീയം), സ്വാതന്ത്ര്യം (ചിന്ത, ആശയപ്രകടനം, വിശ്വാസം, മതനിഷ്ഠ, ആരാധന), സമത്വം (പദവി, അവസരം), സാഹോദര്യം എന്നിവയാണ് രാഷ്ട്രത്തിന്റെ ലക്ഷ്യങ്ങൾ.

1949 നവംബർ 26നാണ് ഈ ഭരണഘടന രാഷ്ട്രത്തിനായി സമർപ്പിക്കുന്നത്. (1950 ജനുവരി 26 മുതൽ ഇത് പ്രബല്യത്തിൽ വന്നു.)

നെഹറു ഇതിന്റെ കരട് അവതരിപ്പിക്കുമ്പോൾ അതിൽ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതിന്റെ അവതരണവേളയിൽ റിപ്പബ്ലിക് എന്നതിൽ ജനാധിപത്യം ഉൾചേർന്നിട്
ടുണ്ട് എന്നും താൻ പരിപൂർണ്ണമായ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആളായിട്ടു പോലും ഈ വാക്ക് ചേർക്കാത്തത് അതുകൊണ്ടാണെന്നും വിശദീകരിച്ചു. ആവശ്യമില്ലാത്ത വാക്കുകളും ആവശ്യത്തിൽ കൂടുതൽ വാക്കുകളും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും പറയുകയുണ്ടായി. എങ്കിലും ഭരണഘടനാ സമിതിയിലെ അംഗങ്ങൾ വിശദമായി ചർച്ച ചെയ്ത് "പരമാധികാര ജനാധിപത്യ റിപ്പബ്ലിക്" എന്നു ചേർത്താണ് ആമുഖം പ്രസിദ്ധീകരിച്ചത്. 1976ലെ ഭരണഘടനയുടെ 42-ാം ഭേദഗതിയിലാണ് ഇത് "പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്'” എന്നു വിപുലീകരിച്ചത്.

[പ്രമേയാവതരണ വേളയിൽ തന്നെ സോഷ്യലിസത്തോടുള്ള തന്റെ താല്പര്യം നെഹറു വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാവുമെന്നും മാത്രമല്ല ലോകം മുഴുവനും ഈ പാതയിൽ കൂടി തന്നെയാവും മുന്നോട്ടു പോവുക എന്ന തന്റെ സ്വപ്നവും അദ്ദേഹം ഈ അവസരത്തിൽ പങ്കു വെക്കുകയുണ്ടായി. മതേതരത്വം എന്ന് പ്രത്യേകമായി ചേർക്കേണ്ടതില്ല എന്നും ഭരണഘടനയുടെ അന്തസത്ത തന്നെ മതേതരമാണെന്നുമായിരുന്നു ഭരണഘടനാ നിർമ്മാണ സഭയുടെ പൊതുവികാരം.]

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാഭ്യാസം ഇപ്പോഴും നമുക്ക് പ്രധാന വിഷയമല്ല.

കഴിഞ്ഞ രണ്ടാഴ്ചകളായി നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ചും നിലവാരത്തകർച്ചയെ കുറിച്ചും ഗംഭീരമായ ചർച്ചകൾ നടക്കുന്നുണ്ട് . ഇപ്പോൾ അവസാനിക്കാറായി . ഇനി അടുത്ത വർഷമായിരിക്കും ഇതുപോലെ കാണുക . വിമർശിക്കുന്നവരെല്ലാം തന്നെ വിദ്യാഭ്യാസരംഗം നന്നായി കാണാൻ ആഗ്രഹിക്കുന്നവരായിരിക്കും . അവർ ആഗ്രഹിക്കുന്ന രീതിയിൽ ഇതിനു മാറ്റം വരുന്നില്ല എന്നാണ് അവരുടെ പരാതി . എന്നാൽ ഇപ്പോൾ ഗുണകരമായ മാറ്റങ്ങളാണ് നടക്കുന്നത് എന്നവകാശപ്പെടുന്നവർക്കുമുണ്ട് പരാതി . ഇത്രയും പോരാ ഇനിയും കുറെ കൂടി മെച്ചപ്പെടാനുണ്ട് എന്നാണ് അവരുടെ ആവശ്യം . മാത്രമല്ല വിദ്യാഭാസരംഗത്തു നടക്കുന്ന ഗുണകരമല്ലാത്ത ചില മാറ്റങ്ങളെ കുറിച്ച് അവർ വ്യാകുലപ്പെടുന്നുമുണ്ട് . ഇതെല്ലാം നല്ലതു തന്നെ . ഇതിനപ്പുറം വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ച് കുറെ കൂടി ഉറക്കെ ചിന്തിക്കണമെന്നു തോന്നുന്നു . ഇവിടെ വിദ്യാഭ്യാസം എന്നതു കൊണ്ടുദ്ദേശിച്ചത് പഠനനിലവാരമോ അദ്ധ്യാപകരുടെ നിലവാരമോ വിദ്യാലയത്തിലെ ഭൗതികസാഹചര്യങ്ങളോ അല്ല . വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ചാണ് . ഗണിതം , ശാസ്ത്രം എന്നൊക്കെ പറയുന്നതു പോലെ ഒരു വിഷയം . ഇത് സർവ്വകലാശാലാ തലത്തിൽ പഠിച്ചവരാ...

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം

" നാളത്തെ കേരളത്തിലെ " നാളത്തെ കേരളവും ആഗസ്റ്റ് പതിഞ്ചും എന്ന പോസ്റ്റ് വായിച്ചപ്പോൾ എനിക്കും ഒന്നു പോസ്റ്റണം എന്നു തോന്നി. അവിവേകം പൊറുക്കുക!!! 2003 ജൂൺ ലക്കം ആശയസമന്വയത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ബ്ലോഗിൽ ഒരിക്കൽ കൂടി.... ****** *****      ജനാധിപത്യത്തെ തികച്ചും രാഷ്ട്രീയമായാണ് ഇത്രയും കാലം കൈകാര്യം ചെയ്തത്. ഒരു സംസ്കാരമായി ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല. ഫ്യൂഡൽ അവശിഷ്ട സംസ്കാരവും ജനാധിപത്യ ഭരണക്രമവും എന്നതാണ് നാം തുടർന്നു വരുന്ന രീതി. ഇങ്ങനെ പരസ്പരം യോജിക്കാത്തവയുടെ യോജിപ്പിന്റെ സ്വാഭാവിക അന്ത്യമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രകൃയക്ക് ആക്കം കൂട്ടുന്നതിനായുള്ള ജനാധിപത്യ വിരുദ്ധശക്തികളുടെ- മുതലാളിത്തവും വർഗ്ഗീയശക്തികളും- ബോധപൂർവ്വമായ ഇടപെടൽ അടുത്ത കാലത്തായി ഇന്ത്യയിൽ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.      രാഷ്ട്രീയ സമരങ്ങളുടെ അരാഷ്ട്രീയവൽക്കരണവും വിശ്വാസ്യത നഷ്ടപ്പെടുത്തലും എല്ലാ പാർട്ടികളും സംഘടനകളും പ്രചരിപ്പിക്കൽ, ഏതു വ്യക്തിയും സ്വന്തം സാമ്പത്തിക ലാഭത്തെ ആസ്പദമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നുള്ള ...