ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യുക



മുല്ലപ്പെരിയാറിനെ കറിച്ച് ഇപ്പോൾ പറഞ്ഞു കേൾക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അവിടുത്തെ അവസ്ഥ വളരെ ഭീതിതമാണ്. ഇവിടെ 'ശരിയാണെങ്കിൽ' എന്ന പദം ഞാൻ പ്രയോഗിച്ചത് മനപ്പൂർവ്വമാണ്. ഒരു നിർമ്മിതവസ്തുവിന്റെ ആയുസ്സ് തീരുമാനിക്കുന്നത് ചില മുൻകരുതലുകൾക്കു വേണ്ടി കൂടിയാണ്. ആ വസ്തു, നിശ്ചിതകാലാവധിക്കു ശേഷം നിലനിൽക്കുന്നത് മനുഷ്യനോ പ്രകൃതിക്കോ അപകടം വരുത്തുന്ന ഒന്നാണെങ്കിൽ അത് തുടർന്നും നിലനിൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഈ മുൻകരുതലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ടവരുടെ പ്രസ്താവനകളിൽ നിന്നും മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഡാം ഇപ്പോൾ വളരെ അപകടകരമായ അവസ്ഥയിലാണ് എന്നു തന്നെയാണ്. എന്നിട്ടും എന്തിനു വേണ്ടിയാണ് കേരളം പുതിയ അണക്കെട്ടിനു വേണ്ടി വാശി പിടിക്കുന്നത്? പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം മാത്രം പണിതീർന്നേക്കാവുന്ന ഒരു അണക്കെട്ടു വരുന്നതു വരേക്കും ഇപ്പോഴുള്ളത് നിലനിൽക്കുമെന്ന് ഇവർക്കുറപ്പുണ്ടോ? എങ്കിൽ തമിഴ്‌നാട്ടുകാർ പറയുന്നത് അംഗീകരിച്ചു കൊടുക്കുക തന്നെയല്ലേ നമ്മളും ചെയ്യുന്നത്? ഇത്രയും കാലം കൂടി നിലനിൽക്കും എന്ന് ഉറപ്പുള്ള ഒന്നിന്റെ പേരിൽ എന്തിനാണ് ആ പ്രദേശത്തുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നത്?

ഇവിടെയാണ് നാം തമിഴന്മാർക്കു നേരെ ആരോപിക്കുന്ന മുപ്പതു ലക്ഷം ആളുകളുടെ ജീവനെ പരിഗണിക്കുന്നില്ല എന്ന ആരോപണം നമുക്കു നേരെയും നീണ്ടുവരുന്നത്. ഒരു ഭൂകമ്പത്തെ താങ്ങാനുള്ള അണക്കെട്ടിന്റെ ശേഷിയെ കുറിച്ച് നാം സംശയാലുക്കളാണ്. റൂർക്കി IITയുടെ പഠനറിപ്പോർട്ട് നമ്മൾ എടുത്തു കാണിക്കുകയും ചെയ്യുന്നു. അപ്പോൾ ഇനിയുമൊരു ഭൂകമ്പത്തിനു കാത്തിരിക്കാതെ ‌- ഭാഗ്യം പരീക്ഷിക്കാതെ- ഇത് എത്രയും പെട്ടെന്ന് പൊളിച്ചു കളയാനുള്ള ശ്രമങ്ങളല്ലേ സ്വന്തം ജനങ്ങളെ സ്നേഹിക്കുന്ന സർക്കാർ ചെയ്യേണ്ടത്. അതിന് തമിഴ്‌നാട് സമ്മതിക്കില്ല എന്നാണെങ്കിൽ പുതിയ അണക്കെട്ടിനെ തമിഴ്‌നാട് പിന്തുണക്കുന്നുണ്ടോ? ഇപ്പോഴുള്ള അണക്കെട്ടിൽ നിന്നു തന്നെ ജലത്തിന്റെ അളവ് 120 അടിക്കു താഴെ പോയാൽ തമിഴ്‌നാട്ടുകാർക്ക് വെള്ളം കിട്ടാൻ പ്രയാസമാണ് എന്നിരിക്കേ 1300 അടി താഴെ മറ്റൊരണ കെട്ടിത്തരാം ഇഷ്ടം പോലെ വെള്ളം കൊണ്ടു പൊയ്ക്കൊ എന്നു പറഞ്ഞാൽ എന്നെങ്കിലും അവർ അത് സമ്മതിക്കും എന്നു തോന്നുന്നുണ്ടോ? അതോ ഇപ്പോൾ കിട്ടുന്നതിൽ നിന്ന് പരമാവധി ഉപയോഗിക്കാം എന്നാണോ അവർ തീരുമാനമെടുക്കുക?

പിന്നെ ഇതിങ്ങനെ അനിശ്ചിതമായി നിലനിർത്തുന്നതു കൊണ്ട് ആർക്കാണ് ഗുണം?

ഏതു നിമിഷവും അണപൊട്ടി വരാം എന്നു ഭയപ്പെട്ടു നിൽക്കുന്ന ഒരു ജനത (ആ ഭയം ഇരട്ടിപ്പിക്കുന്നതിനുള്ള ദൃശ്യരൂപങ്ങളും-ഡാം999പോലെ -നാം ഒരുക്കുന്നുണ്ട്) തങ്ങളുടെ കിടപ്പാടം പോലും കിട്ടിയ വിലക്ക് വിറ്റുപോകുമെന്ന് അറിയാവുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ട്. അവരുടെ കൂടി ആവശ്യമാണ് അണക്കെട്ട് പൊളിക്കാതെ നിർത്തി ജനങ്ങളുടെ ഭയം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുക എന്നത്. സ്ഥലമെല്ലാം ചുളുവിലക്ക് കൈയ്യിലെത്തി റിസോർട്ടുകൾ പണിതു വരുമ്പോഴേക്കും താഴെ ഒരണക്കെട്ടു കൂടിവന്നാൽ ഇവിടം കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറും. ആനന്ദലബ്ധിക്ക്  പിന്നെ വേറെയെവിടെയെങ്കിലും  പോകണോ?

അറിഞ്ഞോ അറിയാതെയോ ഇതിനെ സഹായിക്കുന്നവർ നിസ്സഹായരായ ഒരു വിഭാഗം ആളുകളുടെ തലക്കുമുകളിൽ ഡമോക്ലീസിന്റെ വാളുപോലെ നിൽക്കുന്ന അണക്കെട്ടിലെ വെള്ളമെല്ലാം സുരക്ഷിതമായി ചോർത്തിക്കളഞ്ഞ് അത് പൊളിച്ച്, വേണമെങ്കിൽ തത്‌സ്ഥാനത്ത് പുതിയൊരെണ്ണം -അത്യാവശ്യമാണെങ്കിൽ മാത്രം- പണിയുന്നതിനു വേണ്ടിയുള്ള സമ്മർദ്ദം ചെലുത്തുന്നതിനാണ് ഇനിയെങ്കിലും ശ്രമിക്കേണ്ടത്.

അഭിപ്രായങ്ങള്‍

  1. ഒരവസരത്തിനായി കാത്തിരുന്നത് പോലെ, രണ്ട് ഭൂകമ്പനങ്ങള്‍ തുടര്‍ച്ചയായി വന്നതിന്റെ പുറകേ പെട്ടെന്നായിരുന്നു സോഷ്യല്‍ മീഡിയകളിലൂടെ വന്‍ പ്രചരണം ഉയര്‍ന്നത്. ഏത് നിമിഷവും തകരാം പുതിയ ഡാം വേണമെന്ന വാദം വളരെ രസകരം തന്നെയാണ്. എന്റെ ചോദ്യവും ഈ പോസ്റ്റില്‍ പറഞ്ഞത് തന്നെയായായിരുന്നു. ഡാം പണിയാമെന്ന് അധികാരികള്‍ പറഞ്ഞാല്‍ ഓ.ക്കെ. ഡാം കെട്ടി തീരുന്നത് വരെ സുല്ല് എന്ന് പറഞ്ഞ് ഡാമും പ്രകൃതിയും വിശ്രമത്തിന് പോകുമോ?

    1979ല്‍ ഈ ഡാമിന് പ്രശ്നമുണ്ടെന്ന് പരാതി ഉയര്‍ന്നപ്പോള്‍ തന്നെ കേന്ദ്ര വിഭാഗം ഡാം പരിശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയവ തമിഴ്നാട് ചെയ്തു എന്ന് കേന്ദ്ര സമിതി വിലയിരുത്തി. അത് കൊണ്ടാണ് 2006ല്‍ കോടതി തമിഴ്നാടിന് അനുകൂലമായി വിധി എഴുതുന്നത്. ഇനി ബേബി ഡാം കൂടി ബലപ്പെടുത്തണം അത് കഴിഞ്ഞാല്‍ 150ന് മുകളില്‍ പോകാമെന്ന് കോടതിയും പറഞ്ഞു. എന്നാല്‍ 2006ല്‍ കേരള നിയമസഭ നിയമം പാസ്സാക്കിയതോടെ 136ല്‍ തന്നെ ജലവിതാനം പിടിച്ച് നിര്‍ത്തുവാനും ബേബി ഡാം ബലപ്പെടുത്തുന്നത് തടയുവാനും കഴിഞ്ഞു. കോടതിയിലൂടെ തന്നെ കേരളം ഡാമിന്റെ ബലത്തെ ചോദ്യം ചെയ്ത് വരികയായിരുന്നു.

    1980-90കളില്‍ നടത്തിയ ബലപ്പെടുത്തല്‍ കൊണ്ട് ഡാം ഇനിയും ഒരു 50 കൊല്ലം നിലനില്‍ക്കുമെന്ന് തോന്നുന്നില്ല. അത് കൊണ്ട് തന്നെ മറ്റൊരു ഡാം വരേണ്ടതുണ്ട്. എന്നാല്‍ അത് വന്നാല്‍ തമിഴ്നാടിന് ഇപ്പോള്‍ കിട്ടുന്ന ജലം ലഭിക്കാതെ വരും എന്ന് മാത്രമല്ല ഇതിനോടനുബന്ധിച്ചുള്ള ഇപ്പോഴുള്ള ട്യൂറിസവും പ്രശ്നമാകും.

    നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുക എന്ന അജണ്ട ഉള്ളിടത്തോളം കേന്ദ്രം കേരളത്തിന്റെ വാദം അംഗീകരിക്കുമെന്ന് തോന്നുന്നില്ല.

    മറ്റൊരു ഡാം വരുന്നത് ഭൂചലനമുള്ള സ്ഥലത്ത് തന്നെയാണെന്നതിനാല്‍ ഭാവിയില്‍ വീണ്ടും ജനങ്ങള്‍ ഭീതിയിലേയ്ക്ക് വഴുതി വീഴും!

    ഈ ഊരാകുടുക്കില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല.

    എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ കൂടുതല്‍ സഹായിച്ചിരിക്കുന്നത് ഭൂമാഫിയയെയാണ്. നിമിഷ നേരം കൊണ്ടാണ് എറണാകുളം ഉള്‍പ്പെടെയുള്ളിടത്ത് ഭൂമി വില താഴേയ്ക്ക് പോയിരിക്കുന്നത്.

    ആരാണ് ഈ വിവാദങ്ങള്‍ക്ക് പിന്നിലുള്ളത് എന്ന ഒരന്വേഷണം കേന്ദ്ര ഏജന്‍സികള്‍ നടത്തേണ്ടിയിരിക്കുന്നു. കാരണം ഈ പോസ്റ്റില്‍ ചൂണ്ടി കാട്ടിയത് പോലെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ കൊണ്ട് ഏത് നിമിഷവും മരണം എത്താം എന്ന ഭീതി ആ പ്രദേശത്ത് താമസിക്കുന്നവരുടെ ആരോഗ്യ നിലയെ സാരമായി ബാധിച്ചിരിക്കുന്നു എന്നത് തന്നെ. ഇതിന് ഒരു അറുതി വരുത്തേണ്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി മനോജ്
    ഇപ്പോഴും തെരുവോരങ്ങളിൽ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന അണക്കെട്ടിനെ കുറിച്ചുള്ള വചനപ്രഘോഷണങ്ങളും പുതിയ പോസ്റ്ററുകളിൽ ഡാമിനു വേണ്ടിയുള്ള തിരുവെഴുത്തുകളും നിറയുന്നു. ഇപ്പോഴും പ്രബുദ്ധകേരളീയന്റെ പ്രധാന ആവശ്യം പുതിയ അണതന്നെയാണ്. ലോകാവസാനം ഇന്നോ നാളെയോ എന്ന ഭീതിപ്പുക പരത്തുന്നതും ഇവർ തന്നെ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

സ്വാശ്രയമലമക്കാവ് അഥവാ സൈബർസർഗ്ഗാത്മകത

ജൂൺ അഞ്ചാം തിയ്യതി ഡോ.കൃഷ്ണദാസ് പത്തിയിൽ ഫെയ്സ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിന്നാണ് സ്വാശ്രയമലമൽക്കാവ് എന്ന ആശയം മുളപൊട്ടുന്നത്. വളരെ പെട്ടെന്നു തന്നെ അതിന്റെ തുടർപ്രവർത്തനങ്ങൾ തുടങ്ങുകയും വിശദമായ സാമൂഹ്യ-സാമ്പത്തിക സർവ്വേ വരെ കാര്യങ്ങൾ എത്തി നിൽക്കുകയും ചെയ്തിരിക്കുന്നു.  ഒരു സൈബർ ഇടം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ ഒരു പൊതു ഇടം തന്നെയാണ്. ഇതിൽ ചർച്ച ചെയ്യുന്നത് സാമൂഹ്യമായ കാര്യങ്ങൾ ആയിരിക്കുകയും ചെയ്യും. ഇതിന്റെ സ്ഥലപരമായ പരിമിതി (അഥവാ വിശാലത) മൂലം പ്രവർത്യുന്മുഖമായ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത് പലപ്പോഴും അസാദ്ധ്യമാവുകയും ചെയ്യാറുണ്ട്. കോഴിക്കോട് ഒരാൾക്ക് വീടുവെച്ചുകൊടുത്തതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ പോലും. ഇതിനിടയിലാണ് തൃത്താല നിയോജകമണ്ഡത്തിന്റെ പരിധിയിൽ വരുന്നവർ മാത്രമടങ്ങുന്ന ഫെയ്സ്ബുക് കൂട്ടായ്മ-- തൃത്താലപ്പെരുമ -- പുതിയ സാദ്ധ്യത കണ്ടെത്തുന്നത്. നാട്ടിലുള്ളവരും ഇല്ലാത്തവരും അവർക്കു സാധിക്കുന്ന രീതിയിൽ ഇതിൽ ഇടപെടുന്നു--സഹകരിക്കുന്നു എന്ന വാക്ക് ഞാൻ ബോധപൂർവ്വം ഒഴിവാക്കുന്നു. സത്യത്തിൽ ഇത്തരമൊരു ആശയം അത്ര പുതുമയുള്ളതൊന്നുമല്ല. അമ്പലപ്പുഴയില്‍ പങ്കജാക്ഷക്കു...