ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്



     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ചായത്തിൽ. ഈ വിവരം കുട്ടി താമസിക്കുന്ന പഞ്ചായത്തിലേക്ക് കൈമാറുന്നതിനുള്ള സംവിധാനങ്ങൾ നിലവിലില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഇത് തികച്ചും അശാസ്ത്രീയമായിട്ടുള്ള ഒരു രീതിയാണ്. ഓരോ പഞ്ചായത്തിലും വളരുന്ന കുട്ടികളെ കുറിച്ചുള്ള കൃത്യമായ കണക്ക് അതാത് പഞ്ചായത്തിൽ വേണ്ടതാണ്. അപ്പോൾ ഓരോ പഞ്ചായത്തിലും എത്രകുട്ടികൾ വീതമാണ് സ്ക്കൂൾ പ്രായത്തിൽ എത്തിയിട്ടുള്ളത് എന്ന് ഓരോ വർഷവും കണക്കെടുക്കുവാൻ എളുപ്പമാവും. അത് സംസ്ഥാന തലത്തിൽ ക്രോഡീകരിക്കുന്നതിനും കഴിയും. അങ്ങനെ വരുമ്പോൾ മുൻവർഷത്തെക്കാൾ ഇത്ര കുറവ്  എന്ന അവ്യക്തമായ കണക്കിനു പകരം യഥാർത്ഥത്തിൽ തനതു വർഷം ഒന്നാം ക്ലാസ്സിൽ ചേരേണ്ട കുട്ടികൾ എത്ര എന്നും അവർ ഏതേതു വിഭാഗം വിദ്യാലയങ്ങളിലാണ് ചേർന്നത് എന്നും കൃത്യമായി മനസ്സിലാക്കുന്നതിനു സാധിക്കും.


     അതു പോലെ തന്നെ ഓരോ ക്ലാസിൽ നിന്നും വിജയിച്ചവരുടെ എണ്ണവും പ്രവേശിച്ചവരുടെ എണ്ണവും പഞ്ചായത്തു തലത്തിൽ ക്രോഡീകരിക്കാൻ കഴിയുകയാണെങ്കിൽ പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ അതിന്റെ നിരക്കും മനസ്സിലാക്കാൻ കഴിയും. ഇതിനുള്ള പരിഹാര നടപടികളെടുക്കുന്നതിനും ഇത് സഹായകമാകും. ഓരോ സ്ക്കൂൾ പ്രദേശത്തും എത്ര വിദ്യാർത്ഥികൾ വീതം സ്ക്കൂൾ പ്രവേശനത്തിന് പ്രായമായിട്ടുള്ളവരായി ഉണ്ട് എന്ന വിവരം അതാത് സ്ക്കൂളുകളെ അറിയിക്കാനുള്ള സംവിധാനവും പഞ്ചായത്തു തലത്തിൽ ഉണ്ടാക്കാവുന്നതാണ്.


     ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങൾ മികച്ച പ്രവർത്തനമാണ്  കാഴ്ചവെക്കുന്നത്. എന്നിട്ടും അൺ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കുട്ടികൾ  പോകുന്നുണ്ടെങ്കിൽ അതിന്റെ കാരണം അന്വേഷിക്കേണ്ടതാണ്. അവിടത്തെ അദ്ധ്യാപനമികവാണോ അതോ മാനേജുമെന്റിന്റെ പ്രലോഭനങ്ങളാണോ യഥാർത്ഥ കാരണം എന്ന് അന്വേഷിക്കേണ്ടതാണ്. പുതിയ വിദ്യാലയങ്ങൾ നൽകുമ്പോൾ അതവിടെ ആവശ്യമാണോ എന്നു അന്വേഷിക്കാനുള്ള അധികാരം ആ പ്രദേശത്തെ പഞ്ചായത്തുകൾക്കു നൽകാവുന്നതാണ്. പ്രാദേശികമായ ആവശ്യം പരിഗണിക്കാതെ ജാതി മത ശക്തികളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.


     മറ്റൊരു ദുഷ്പ്രവണത ഇപ്പോൾ കണ്ടു തുടങ്ങിയിട്ടുള്ളത് പൊതുവിദ്യാലയങ്ങൾ തമ്മിലുള്ള മത്സരവും പാരവെപ്പുമാണ്. എയ്ഡഡ് വിദ്യാലയങ്ങൾ രക്ഷിതാക്കൾക്ക് പണം നൽകിയും, ഗ്രാമീണമേഖലയിൽ മദ്യപാനികളായ രക്ഷിതാക്കൾക്ക് മദ്യം നൽകി പോലും  കുട്ടികളെ വാങ്ങുന്ന പ്രവണത കണ്ടു തുടങ്ങിയിട്ടുണ്ട്.  വിദ്യാഭ്യാസ മേഖല എത്രത്തോളം കച്ചവടവൽക്കരിച്ചിരിക്കുന്നു എന്നതിന്റെ നല്ല ഒരു ഉദാഹരണമാണിത്. അൺ എയ്ഡഡ് സ്ക്കൂളുകൾ അമിതമായ ഫീസ് വാങ്ങിക്കൊണ്ട് രക്ഷിതാക്കളെ ചൂഷണം ചെയ്യുമ്പോൾ എയ്ഡഡ് സ്ക്കൂളുകൾ രക്ഷിതാക്കൾക്ക് അങ്ങോട്ട് പണം നൽകുകയാണ് ചെയ്യുന്നത്. ഒരു ജോലി കിട്ടുന്നതിനു വേണ്ടി അല്ലെങ്കിൽ കിട്ടിയ ജോലി നിലനിർത്തുന്നതിനു വേണ്ടി അദ്ധ്യാപകർ ഇവിടെ ചൂഷണം ചെയ്യപ്പെടുന്നു. ഇതിനു പരിഹാരം കാണണമെങ്കിൽ KER ചർച്ച  തുടങ്ങിയ കാലം മുതൽ കേട്ടുവരുന്ന അയൽപക്ക വിദ്യാലയങ്ങൾ എന്ന ആശയം നടപ്പിലാക്കാൻ കഴിയണം. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇരുപക്ഷത്തിനുമില്ല എന്നതാണ് യാഥാർത്ഥ്യം. അതിനവരെ നിർബ്ബന്ധിക്കുന്ന തരത്തിലുള്ള ജനകീയ സമ്മർദ്ദവും രൂപപ്പെടുന്നില്ല!


     അധ്യാപക വിദ്യാർത്ഥി അനുപാതവും ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ  ക്ലാസ്സുകളിലെല്ലാം ഒരേ പോലെയാണോ വേണ്ടത് എന്നും ചർച്ച ചെയ്യേണ്ടതാണ്.  രക്ഷാകതൃ വിദ്യാഭ്യാസം ഇപ്പോഴും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത മേഖലയാണ്. ഇതും പരിഹരിക്കപ്പെടേണ്ടതുണ്ട്.


അഭിപ്രായങ്ങള്‍

  1. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെല്ലാം വളരെ പ്രസക്തമായ കാര്യങ്ങളാണ്, ഇതുപോലൊക്കെ ചെയ്‌താല്‍ ഈ നാട് നന്നായിപ്പോവില്ലേ !! അതിനൊക്കെ തലപ്പതിരിക്കുന്നവര്‍ക്ക് എവിടെയാ നേരം ! കിട്ടുന്ന സമയം കൊണ്ട് സ്വന്തം കീശ നിറയ്ക്കുക എന്നല്ലാതെ മറ്റെന്തെങ്കിലും ചിന്ത അവര്‍ക്കുണ്ടോ ! ഇതിനിടയ്ക്ക് ആരെങ്കിലും നല്ല കാര്യങ്ങളും പറഞ്ഞുകൊണ്ട് ചെന്നാല്‍ അവനെ അടിച്ചൊതുക്കാന്‍ നോക്കുകയെ ഉള്ളൂ...

    മറുപടിഇല്ലാതാക്കൂ
  2. തലപ്പത്ത് ഇരിക്കുന്നവരുടെ മാത്രം പ്രശ്നമാണെന്ന് എനിക്കു തോന്നുന്നില്ല. ഇടയിലുള്ളവർക്കും താഴെ നിൽക്കുന്നവർക്കും എല്ലാം ഇതിൽ പങ്കുണ്ട്. ഫയലുകൾ ശരിയായ രീതിയിൽ ശരിയായ സമയത്ത് കൈകാര്യം ചെയ്യാത്ത ബ്യൂറോക്രസി, എല്ലാം മുകളിലിരിക്കുന്നവർ ചെയ്തു തരണമെന്നു പറഞ്ഞ് ആവശ്യങ്ങൾക്കു വേണ്ടി സമ്മർദ്ദം ചെലുത്താത്ത പൗരസമൂഹം, തങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി സമ്മർദ്ദം ചെലുത്താൻ കഴിയുന്ന മൂലധനശക്തികൾ, ജനങ്ങളുടെ ചിന്താശേഷിയെ അതിനനുകൂലമായി വളച്ചെടുക്കുന്ന മാധ്യമങ്ങൾ, മൂല്യബോധം നഷ്ടപ്പെട്ട രാഷ്ട്രീയക്കാർ,.....

    മുകളിലിരിക്കുന്നവർ യഥാർത്ഥത്തിൽ ആരാണ് എന്ന് ഒ.വി.വിജയന്റെ ധർമ്മപുരാണത്തിലെ അവസാനത്തെ അധ്യായത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അരയിൽ കെട്ടിയ കയറിന്റെ അറ്റം ആരുടെ കയ്യിലാണോ അവരുടെ ഇംഗിതത്തിനനുസരിച്ച് തുള്ളാൻ മാത്രം കഴിയുന്നവർ...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യുക

മുല്ലപ്പെരിയാറിനെ കറിച്ച് ഇപ്പോൾ പറഞ്ഞു കേൾക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അവിടുത്തെ അവസ്ഥ വളരെ ഭീതിതമാണ്. ഇവിടെ 'ശരിയാണെങ്കിൽ' എന്ന പദം ഞാൻ പ്രയോഗിച്ചത് മനപ്പൂർവ്വമാണ്. ഒരു നിർമ്മിതവസ്തുവിന്റെ ആയുസ്സ് തീരുമാനിക്കുന്നത് ചില മുൻകരുതലുകൾക്കു വേണ്ടി കൂടിയാണ്. ആ വസ്തു, നിശ്ചിതകാലാവധിക്കു ശേഷം നിലനിൽക്കുന്നത് മനുഷ്യനോ പ്രകൃതിക്കോ അപകടം വരുത്തുന്ന ഒന്നാണെങ്കിൽ അത് തുടർന്നും നിലനിൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഈ മുൻകരുതലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ടവരുടെ പ്രസ്താവനകളിൽ നിന്നും മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഡാം ഇപ്പോൾ വളരെ അപകടകരമായ അവസ്ഥയിലാണ് എന്നു തന്നെയാണ്. എന്നിട്ടും എന്തിനു വേണ്ടിയാണ് കേരളം പുതിയ അണക്കെട്ടിനു വേണ്ടി വാശി പിടിക്കുന്നത്? പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം മാത്രം പണിതീർന്നേക്കാവുന്ന ഒരു അണക്കെട്ടു വരുന്നതു വരേക്കും ഇപ്പോഴുള്ളത് നിലനിൽക്കുമെന്ന് ഇവർക്കുറപ്പുണ്ടോ? എങ്കിൽ തമിഴ്‌നാട്ടുകാർ പറയുന്നത് അംഗീകരിച്ചു കൊടുക്കുക തന്നെയല്ലേ നമ്മളും ചെയ്യുന്നത്? ഇത്രയും കാലം കൂടി നിലനിൽക്കും എന്ന് ഉറപ്പുള്ള ഒന്നിന്റെ പേരിൽ എന്തിനാണ് ആ...

സ്വാശ്രയമലമക്കാവ് അഥവാ സൈബർസർഗ്ഗാത്മകത

ജൂൺ അഞ്ചാം തിയ്യതി ഡോ.കൃഷ്ണദാസ് പത്തിയിൽ ഫെയ്സ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിന്നാണ് സ്വാശ്രയമലമൽക്കാവ് എന്ന ആശയം മുളപൊട്ടുന്നത്. വളരെ പെട്ടെന്നു തന്നെ അതിന്റെ തുടർപ്രവർത്തനങ്ങൾ തുടങ്ങുകയും വിശദമായ സാമൂഹ്യ-സാമ്പത്തിക സർവ്വേ വരെ കാര്യങ്ങൾ എത്തി നിൽക്കുകയും ചെയ്തിരിക്കുന്നു.  ഒരു സൈബർ ഇടം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ ഒരു പൊതു ഇടം തന്നെയാണ്. ഇതിൽ ചർച്ച ചെയ്യുന്നത് സാമൂഹ്യമായ കാര്യങ്ങൾ ആയിരിക്കുകയും ചെയ്യും. ഇതിന്റെ സ്ഥലപരമായ പരിമിതി (അഥവാ വിശാലത) മൂലം പ്രവർത്യുന്മുഖമായ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത് പലപ്പോഴും അസാദ്ധ്യമാവുകയും ചെയ്യാറുണ്ട്. കോഴിക്കോട് ഒരാൾക്ക് വീടുവെച്ചുകൊടുത്തതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ പോലും. ഇതിനിടയിലാണ് തൃത്താല നിയോജകമണ്ഡത്തിന്റെ പരിധിയിൽ വരുന്നവർ മാത്രമടങ്ങുന്ന ഫെയ്സ്ബുക് കൂട്ടായ്മ-- തൃത്താലപ്പെരുമ -- പുതിയ സാദ്ധ്യത കണ്ടെത്തുന്നത്. നാട്ടിലുള്ളവരും ഇല്ലാത്തവരും അവർക്കു സാധിക്കുന്ന രീതിയിൽ ഇതിൽ ഇടപെടുന്നു--സഹകരിക്കുന്നു എന്ന വാക്ക് ഞാൻ ബോധപൂർവ്വം ഒഴിവാക്കുന്നു. സത്യത്തിൽ ഇത്തരമൊരു ആശയം അത്ര പുതുമയുള്ളതൊന്നുമല്ല. അമ്പലപ്പുഴയില്‍ പങ്കജാക്ഷക്കു...