ആരാലും ശ്രദ്ധിക്കപ്പെടാതെ ചെറുപ്പത്തിലേ ദുരിതവും പേറി മരണത്തിലേക്കു നടക്കുന്ന ഈ കുട്ടികളെയും കൊണ്ട് എങ്ങോട്ടാണ് ഈ ലോകം പോകുന്നത്? ശാസ്ത്രവും സാങ്കേതിക വിദ്യയും വളരുകയും സുഖസൌകര്യങ്ങളും ആർഭാടങ്ങളും കുന്നുകൂടുകയും കോർപ്പറേറ്റുകളുടെ ആസ്തി ശതകോടികൾ മറികടക്കുകയും ചെയ്യുമ്പോൾ അതിനു വിപരീതമായ അനുപാതത്തിൽ വളരുന്ന ദാരിദ്ര്യത്തെ കുറിച്ചാണ് ഫെബ്രുവരി 25നു പ്രസിദ്ധീകരിച്ച യൂണിസെഫിന്റെ ഈ വർഷത്തെ ‘കുട്ടികളുടെ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട്‘ വ്യാകുലപ്പെടുന്നത്. കൌമാരക്കാരെ കുറിച്ചാണ് ഈ വർഷത്തെ റിപ്പോർട്ട്. വലിയൊരു വിഭാഗം കുട്ടികൾക്കും നല്ല വിദ്യാഭ്യാസമോ മരുന്നോ ജീവിതസൌകര്യങ്ങളോ ലഭ്യമല്ലത്രെ. 70 മില്യൻ കുട്ടികൾക്ക് സെക്കന്ററി വിദ്യാഭ്യാസം ലഭ്യമല്ല. പെൺകുട്ടികൾക്കാകട്ടെ ആൺകുട്ടികൾക്കു കിട്ടുന്ന വിദ്യാഭ്യാസസൌകര്യം പോലും കിട്ടുന്നില്ല. ലോകത്തുള്ള ആകെ കൌമാരക്കരിൽ പകുതിയോളം വരും ഇവർ. ഇതിൽ 88% കുട്ടിളും ജീവിക്കുന്നത് വികസ്വരരാജ്യങ്ങളിലാണ്. ഇവരെയും വെച്ചുകൊണ്ടാണ് ഈ രാജ്യങ്ങൾ വികസനത്തിന്റെ പടവുകൾ കയറേണ്ടത്. ശരിയായ വിദ്യാഭ്യാസം ലഭിക്കത്തതുകൊണ്ട് ഈ കുട്ടികൾ ജീവിതത്തിൽ പല വിധത്തിലുള്ള ചൂ...